കൊച്ചി: കടബാധ്യത തീർപ്പാക്കൽ ട്രൈബ്യൂണലുകളിൽ (Debts Recovery Tribunal – DRT) രജിസ്ട്രേഷൻ ലഭിക്കാത്ത ഹർജികൾ സ്വയം പരിശോധിച്ചു തള്ളാനോ (Reject) പ്രിസൈഡിംഗ് ഓഫീസർക്ക് അയക്കാനോ രജിസ്ട്രാർക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. സർഫാസി (SARFAESI) നിയമപ്രകാരമുള്ള നടപടികൾക്കെതിരെ വായ്പക്കാർ സമർപ്പിക്കുന്ന ഹർജികളുടെ (Securitization Application – SA) നിലനിൽപ്പും (Maintainability) ഹർജിക്കാരന്റെ അവകാശവും (Locus Standi) പരിശോധിച്ച് ഉത്തരവിടേണ്ടത് ജുഡീഷ്യൽ വിചാരണയിലൂടെ ട്രൈബ്യൂണൽ നേരിട്ടാണെന്നും കോടതി വ്യക്തമാക്കി.
എറണാകുളം ഡി.ആർ.ടി-1 (DRT-1) പുറപ്പെടുവിച്ച ഉത്തരവിനെതിരെ കോഴിക്കോട് കോട്ടാമ്പറമ്പ് സ്വദേശിനി ഫാത്തിമ എം.പി. നൽകിയ ഹർജി (OP (DRT) No. 244 of 2026) അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.വി. ബാലകൃഷ്ണന്റെ നിർണായക വിധി.
കേസിലെ പശ്ചാത്തലം:
ഐ.ഡി.ബി.ഐ (IDBI) ബാങ്ക് തനിക്കെതിരെ സ്വീകരിച്ച സർഫാസി ജപ്തി നടപടികൾ ചോദ്യം ചെയ്താണ് 60 കാരിയായ ഫാത്തിമ എം.പി. എറണാകുളം ഡി.ആർ.ടിയെ സമീപിച്ചത്. എന്നാൽ ഹർജിക്ക് നമ്പർ നൽകുന്നതിന് മുമ്പ് തന്നെ (NDN(SA) No. 1308/2026), ഹർജി നിലനിൽക്കില്ലെന്ന് കാട്ടി രജിസ്ട്രി കേസ് ട്രൈബ്യൂണൽ മുമ്പാകെ വച്ചു. തുടര്ന്ന് എതിർകക്ഷിക്ക് നോട്ടീസ് അയക്കാതെയും മതിയായ വിചാരണ കൂടാതെയും പ്രിസൈഡിംഗ് ഓഫീസർ ചേംബറിൽ വച്ച് ഹർജി തള്ളുകയായിരുന്നു.
ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് അഭിഭാഷകരായ കെ.എം. ഫിറോസ്, എം. ഷാജ്ന, എസ്. കണ്ണൻ എന്നിവർ മുഖേനയാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. ഡി.ആർ.ടി പ്രൊസീജ്യർ റൂൾസിലെ റൂൾ 5 (Rule 5 of DRT Rules 1993) പ്രകാരം രജിസ്ട്രാർക്ക് ഹർജി തള്ളാൻ അധികാരമില്ലെന്നും തടസ്സവാദങ്ങൾ വിചാരണയിലൂടെ തീരുമാനിക്കേണ്ടതാണെന്നും ഹർജിക്കാരി വാദിച്ചു.
ഹൈക്കോടതി വ്യക്തമാക്കിയ 8 പ്രധാന തത്വങ്ങൾ (Principles):
- ചീഫ് മിനിസ്റ്റീരിയൽ ഓഫീസർ: ഡി.ആർ.ടി രജിസ്ട്രാർ കേവലം ഒരു ചീഫ് മിനിസ്റ്റീരിയൽ ഓഫീസർ മാത്രമാണ്; രജിസ്ട്രാർക്ക് ജുഡീഷ്യൽ അധികാരങ്ങൾ ഉപയോഗിക്കാൻ കഴിയില്ല.
- രജിസ്ട്രേഷൻ നിരസിക്കൽ മാത്രം: ഹർജിയിലെ പിഴവുകൾ നിശ്ചിത സമയത്തിനകം പരിഹരിച്ചില്ലെങ്കിൽ ‘രജിസ്ട്രേഷൻ നിരസിക്കുക’ (Decline to register) എന്ന് വിശദീകരിച്ച് ഉത്തരവിടാൻ മാത്രമേ രജിസ്ട്രാർക്ക് അധികാരമുള്ളൂ. ഹർജി റദ്ദാക്കാനോ (Reject) തള്ളാനോ (Dismiss) രജിസ്ട്രാർക്ക് അധികാരമില്ല.
- സ്വമേധയാ റെഫർ ചെയ്യരുത്: രജിസ്ട്രാർക്ക് സ്വമേധയാ (Suo Motu) അക്കമിടാത്ത (Unnumbered) ഹർജികൾ പ്രിസൈഡിംഗ് ഓഫീസറുടെ മുന്നിലേക്ക് അയക്കാൻ വകുപ്പില്ല.
- നിയമവശങ്ങൾ പരിശോധിക്കരുത്: ഹർജിയിലെ വസ്തുതകളോ, ഹർജി നൽകാനുള്ള യോഗ്യതയോ (Locus Standi), കാലാവധിയോ (Limitation) പരിശോധിച്ചു സംശയങ്ങൾ ഉന്നയിക്കാൻ രജിസ്ട്രാർക്ക് അധികാരമില്ല.
- ഹർജിക്കാരന്റെ വാശി പ്രകാരം മാത്രം: ഹർജിയിൽ പിഴവുകളില്ലെന്ന് ഹർജിക്കാരൻ വാദിക്കുകയും ട്രൈബ്യൂണലിന് മുന്നിൽ പോസ്റ്റ് ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ മാത്രമേ അക്കമിടാത്ത ഹർജി ബെഞ്ചിന് മുന്നിൽ വയ്ക്കാവൂ.
- പ്രാഥമിക ഘട്ടത്തിലെ തള്ളൽ അസാധു: സർഫാസി നിയമത്തിലെ സെക്ഷൻ 17 പ്രകാരമുള്ള ഹർജികൾ പ്രാഥമിക ഘട്ടത്തിൽ തന്നെ തള്ളാൻ ട്രൈബ്യൂണലിന് (DRT) അധികാരമില്ല.
- ചേംബർ വിചാരണ പാടില്ല: കേവലം സാങ്കേതിക പിഴവുകൾക്ക് അപ്പുറമുള്ള പ്രധാന തടസ്സവാദങ്ങൾ ചേംബറിൽ വച്ച് തീരുമാനിക്കാൻ കഴിയില്ല; ഇരുഭാഗത്തെയും കേട്ട് ജുഡീഷ്യൽ വിചാരണ നടത്തി മാത്രമേ തീരുമാനിക്കാവൂ.
- സമയം അനുവദിക്കണം: ട്രൈബ്യൂണൽ എന്തെങ്കിലും പിഴവുകൾ കണ്ടെത്തിയാൽ പോലും അത് തിരുത്താൻ ഹർജിക്കാരന് ന്യായമായ സമയം നൽകണം. സമയം ലഭിച്ചിട്ടും തിരുത്തിയില്ലെങ്കിൽ മാത്രമേ ഹർജി തള്ളാവൂ.
ആന്ധ്ര പ്രദേശ് ഹൈക്കോടതിയുടെ Kanigiri Jaya Sri v. The Debts Recovery Tribunal, കേരള ഹൈക്കോടതിയുടെ തന്നെ Ameena Salim v. Presiding Officer, DRT-1, Vincent v. HUDCO എന്നീ പ്രമുഖ വിധികളിലെ തത്വങ്ങൾ ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചത്.
തുടർന്ന് എറണാകുളം DRT-1 ന്റെ Ext.P7 ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, ഹർജി വീണ്ടും ഡി.ആർ.ടി രജിസ്ട്രാർക്ക് തിരിച്ചയച്ചു (Remitted back). റൂൾ 5 കൃത്യമായി പാലിച്ചു കൊണ്ട് ഹർജിയിൽ നടപടിയെടുക്കാൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.