കോടതികളിലും പൊതുവേദികളിലും നീതിക്കായി പോരാടുന്ന അഭിഭാഷകർക്ക് എതിരെയുള്ള ശാരീരിക ആക്രമണങ്ങളും ഭീഷണികളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, അവർക്ക് കർശന നിയമപരിരക്ഷ ഉറപ്പാക്കുന്ന ‘ഗോവ അഭിഭാഷക സംരക്ഷണ ബിൽ 2026’ (Bill No. 47 of 2026) ഗോവ നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിയും നിയമമന്ത്രിയുമായ ഡോ. പ്രമോദ് സാവന്താണ് സുപ്രധാനമായ ഈ ബിൽ സഭയുടെ മേശപ്പുറത്ത് വെച്ചത്.
നിയമവാഴ്ച നിലനിർത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന അഭിഭാഷക സമൂഹത്തിന് സ്വതന്ത്രമായും ഭയരഹിതമായും ഔദ്യോഗിക കർമ്മങ്ങൾ നിർവഹിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. അഭിഭാഷകർക്കെതിരായ അതിക്രമങ്ങൾ വ്യക്തിപരമായ കുറ്റകൃത്യം എന്നതിലുപരി നീതിന്യായ വ്യവസ്ഥയ്ക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് ബില്ലിന്റെ ആമുഖത്തിൽ (Statement of Objects and Reasons) സർക്കാർ വ്യക്തമാക്കുന്നു.
“ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെയും നീതിയുടെയും കാവലാളുകളാണ് അഭിഭാഷകർ. അവർക്ക് നേരെ ഉണ്ടാകുന്ന ഭീഷണിയും സ്വത്ത് നശിപ്പിക്കലും പൗരന്റെ നീതി ലഭിക്കാനുള്ള അവകാശത്തെയാണ് തകർക്കുന്നത്. അതിനാലാണ് ഈ സംരക്ഷണ കവചം ഒരുക്കുന്നത്.”
അതിക്രമങ്ങൾ തടയലും പോലീസും കോടതിയും
ബില്ലിലെ മൂന്നാം വകുപ്പ് പ്രകാരം, ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു അഭിഭാഷകനെതിരെ നടത്തുന്ന കയ്യേറ്റം, ഗുരുതരമായ പരിക്കേൽപ്പിക്കൽ, ക്രിമിനൽ ബലപ്രയോഗം, ഭീഷണിപ്പെടുത്തൽ, ഉപദ്രവം (Harassment) എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു. അഭിഭാഷകരുടെ ഓഫീസോ മറ്റ് സ്വത്തുക്കളോ കേടുവരുത്തുന്നതും കുറ്റകരമാക്കിയിട്ടുണ്ട്.
ഈ നിയമപ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങളും ‘കോഗ്നിസബിൾ’ (Cognizable) ആയിരിക്കും. അതായത് പോലീസിന് വാറന്റില്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യാം. കൂടാതെ, ഭീഷണിയുള്ള അഭിഭാഷകർക്ക് സെഷൻസ് കോടതിയെ സമീപിച്ച് പോലീസ് സംരക്ഷണം ആവശ്യപ്പെടാം. ഇത്തരത്തിൽ കോടതി നൽകുന്ന സംരക്ഷണം ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DySP) പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ അനുമതിയോ കോടതിയുടെ മുൻകൂർ ഉത്തരവോ ഇല്ലാതെ പിൻവലിക്കാൻ പാടില്ലെന്ന് വകുപ്പ് 5 കർശനമായി അനുശാസിക്കുന്നു.
വ്യാജ കേസുകളിൽ നിന്ന് അഭിഭാഷകർക്ക് സംരക്ഷണം
അഭിഭാഷകരെ കള്ളക്കേസുകളിൽ കുടുക്കുന്നത് തടയാൻ ബില്ലിലെ 9-ാം വകുപ്പ് വിപ്ലവകരമായ നിർദ്ദേശം മുന്നോട്ടുവെക്കുന്നു. ഔദ്യോഗിക ജോലി ചെയ്തതുമായി ബന്ധപ്പെട്ട് അഭിഭാഷകനെതിരെ ലഭിക്കുന്ന ഏത് പരാതിയും DySP റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ 7 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം മാത്രമേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളൂ. കേസ് എടുത്താൽ അക്കാര്യം അതാത് ബാർ കൗൺസിലിനെയും ബാർ അസോസിയേഷനെയും രേഖാമൂലം അറിയിക്കുകയും വേണം.