അനന്തരാവകാശ സർട്ടിഫിക്കറ്റിന് 5 ലക്ഷം രൂപ പരിധി ഇനി ബാധകമല്ല: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് റവന്യൂ അധികാരികൾ നൽകുന്ന അനന്തരാവകാശ സർട്ടിഫിക്കറ്റിന് (Legal Heirship Certificate) നിശ്ചയിച്ചിട്ടുള്ള 5 ലക്ഷം രൂപയുടെ സാമ്പത്തിക പരിധി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. തർക്കങ്ങളില്ലാത്ത സാഹചര്യങ്ങളിൽ, പിന്തുടർച്ചാവകാശത്തിന്റെ മൂല്യമോ തുകയോ എത്രയായാലും റവന്യൂ തഹസിൽദാർമാർ അപേക്ഷകന് ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് നൽകാൻ ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
മരണപ്പെട്ട വ്യക്തിയോ അപേക്ഷകനോ വിദേശത്ത് താമസിച്ചവരാണെന്നോ അല്ലെങ്കിൽ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) പദവിയുള്ളവരാണെന്നോ ഉള്ള കാരണങ്ങൾ കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് അപേക്ഷകൾ നിരസിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു. ബേബി കുര്യൻ നൽകിയ റിട്ട് ഹർജി (W.P.(C) 659/2026) പൂർണ്ണമായി അനുവദിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
കേസിന്റെ പശ്ചാത്തലം: അമേരിക്കയിൽ താമസത്തിലിരിക്കെ അന്തരിച്ച കോട്ടയം കൂരോപ്പട സ്വദേശിനി ലിസിയമ്മ അബ്രഹാമിന്റെ ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റിനായി ഭർത്താവ് ബേബി കുര്യൻ സമർപ്പിച്ച അപേക്ഷയാണ് കേസിന് ആധാരം. ലിസിയമ്മ വർഷങ്ങളായി വിദേശത്തായിരുന്നുവെന്നും സംസ്കാരം വിദേശത്ത് നടന്നതിനാൽ അവകാശികളെ പ്രാദേശികമായി അന്വേഷിച്ച് കണ്ടെത്താൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും കാണിച്ച് അധികൃതർ അപേക്ഷ തള്ളുകയായിരുന്നു.
തുടർന്ന് റവന്യൂ ഡിവിഷണൽ ഓഫീസർക്കും ലാൻഡ് റവന്യൂ കമ്മീഷണർക്കും നൽകിയ അപ്പീലുകളും നിരസിക്കപ്പെട്ടതോടെയാണ് അഡ്വ. സുമ ജി മുഖേന ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
സർക്കാരിന്റെ വാദം തള്ളി: വില്ലേജ് മാനുവൽ ഖണ്ഡിക 236 പ്രകാരവും റെണുക വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള കേസിലെ വിധി പ്രകാരവും 5 ലക്ഷം രൂപയിൽ താഴെയുള്ള ജംഗമ സ്വത്തുക്കൾക്ക് മാത്രമേ സർട്ടിഫിക്കറ്റ് നൽകാനാകൂ എന്നായിരുന്നു സർക്കാർ പ്ലീഡർ അനിരുദ്ധ് കടവിലിന്റെ വാദം. കൂടാതെ സ്ഥാവര സ്വത്തുക്കൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ മാനുവലിൽ വകുപ്പില്ലെന്നും സർക്കാർ വാദിച്ചു.
എന്നാൽ, കേരള ലാൻഡ് റവന്യൂ മാനുവൽ നിയമസഭ പാസാക്കിയ നിയമമോ ചട്ടമോ അല്ലെന്നും അത് ഉദ്യോഗസ്ഥരുടെ ദൈനംദിന നടത്തിപ്പിനായുള്ള വെറും മാർഗ്ഗനിർദ്ദേശങ്ങൾ (Executive Guidelines) മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് നിയമപരമായ അടിത്തറയില്ല. നിയമപരമായ നിർദ്ദേശങ്ങളില്ലാത്ത ഒരു ശൂന്യതയിലാണ് സാധാരണ ജനം ജീവിക്കുന്നത്.
പ്രവാസികൾക്കും പൂർണ്ണാവകാശം: കേരള വില്ലേജ് മാനുവലിലെ ഖണ്ഡിക 213 പരിശോധിച്ചാൽ, ഇന്ത്യയിൽ വേരുകളുള്ള (roots in India) ഏതൊരാൾക്കും അവർ പൗരത്വം ഉപേക്ഷിച്ചവരായാലും ഒ.സി.ഐ കാർഡുള്ളവരായാലും സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കാൻ പൂർണ്ണ അർഹതയുണ്ടെന്ന് വ്യക്തമാണ്. ഹർജിക്കാരന് കൂരോപ്പട വില്ലേജ് ഓഫീസർ മുൻപ് തന്നെ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതിനാൽ പ്രാദേശികാന്വേഷണ ബുദ്ധിമുട്ട് എന്ന വാദം നിരർത്ഥകമാണെന്നും കോടതി കണ്ടെത്തി.
ഹൈക്കോടതി പുറപ്പെടുവിച്ച അന്ത്യശാസനങ്ങൾ (Court Directives)
- ഉത്തരവുകൾ റദ്ദാക്കി: ഹർജിക്കാരന്റെ അപേക്ഷ തള്ളിയ തഹസിൽദാരുടെയും ആർ.ഡി.ഒ യുടെയും ഉത്തരവുകൾ കോടതി റദ്ദാക്കി. 3 മാസത്തിനകം അപേക്ഷയിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ നിർദ്ദേശിച്ചു.
- പരിധിയില്ലാത്ത അധികാരം: ഭരണഘടനയുടെ അനുച്ഛേദം 226 പ്രകാരമുള്ള അധികാരം വിനിയോഗിച്ച്, സംസ്ഥാന സർക്കാർ പുതിയ സമഗ്ര നിയമനിർമ്മാണം നടത്തുന്നതുവരെ, ഏത് മൂല്യമുള്ള കാര്യങ്ങൾക്കും വില്ലേജ് മാനുവൽ ഖണ്ഡിക 236 പ്രകാരം സർട്ടിഫിക്കറ്റ് നൽകാൻ തഹസിൽദാർമാർക്ക് പൂർണ്ണ അധികാരമുണ്ടെന്ന് പ്രഖ്യാപിച്ചു.
- സർക്കാരിന് കർശന നിർദ്ദേശം: ജനങ്ങളുടെ നിത്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായതിനാൽ, അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി നിയമപരമായ വ്യക്തമായ ചട്ടങ്ങൾ രൂപീകരിക്കാൻ സർക്കാർ അടിയന്തരമായി നടപടിയെടുക്കണം.