അറസ്റ്റ് നിയമവിരുദ്ധമെങ്കിൽ വീണ്ടും തടവിലാക്കാൻ പഴയ ഉദ്യോഗസ്ഥന് അധികാരമില്ല; മജിസ്‌ട്രേറ്റിന്റെ ജുഡീഷ്യൽ അനുമതി നിർബന്ധം
മൗലികാവകാശം ലംഘിച്ചാൽ പോലീസിനെതിരെ വകുപ്പുതല നടപടി വരും; ഇരകൾക്ക് പബ്ലിക് ലോ റെമഡി പ്രകാരം നഷ്ടപരിഹാരം ഉറപ്പാക്കാമെന്ന് സുപ്രീംകോടതി
ഭാരത ഭരണഘടനയുടെ അനുച്ഛേദം 22(1) ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ ലംഘിച്ച് വ്യക്തികളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുന്ന പ്രവണതയ്ക്കെതിരെ സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. അറസ്റ്റിന്റെ കാരണങ്ങൾ വ്യക്തമായി എഴുതി നൽകാത്തതിനാലോ മറ്റ് ചട്ടലംഘനങ്ങൾ മൂലമോ മോചിപ്പിക്കപ്പെടുന്ന വ്യക്തിയെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അധികാരം നിയമലംഘനം നടത്തിയ അതേ ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തിന് വിട്ടുകൊടുക്കാൻ പാടില്ലെന്ന് സുപ്രീം കോടതി അസന്ദിഗ്ദ്ധമായി വ്യക്തമാക്കി.
അത്തരം സാഹചര്യങ്ങളിൽ പുനരറസ്റ്റിന് ബന്ധപ്പെട്ട മജിസ്‌ട്രേറ്റിന്റെ പ്രത്യേക ജുഡീഷ്യൽ അനുമതി (Judicial Imprimatur) അനിവാര്യമാണ്. ആദ്യ ഘട്ടത്തിൽ പ്രതിക്ക് അറസ്റ്റിന്റെ കാരണങ്ങൾ എന്തുകൊണ്ട് കൈമാറാൻ കഴിഞ്ഞില്ലെന്ന കൃത്യമായ ന്യായീകരണവും പുനരറസ്റ്റിന്റെ അടിയന്തര ആവശ്യകതയും ബോധ്യപ്പെടുത്തിയാൽ മാത്രമേ മജിസ്‌ട്രേറ്റിന് തുടർനടപടികൾക്ക് അനുമതി നൽകാൻ സാധിക്കൂ എന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കി.
വിധിയിലെ 3 പ്രധാന നിരീക്ഷണങ്ങൾ:
- മേലുദ്യോഗസ്ഥന്റെ എൻഡോഴ്‌സ്‌മെന്റ്: പുനരറസ്റ്റ് അപേക്ഷയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപ്പെടുത്തൽ നിർബന്ധം.
- അന്വേഷണ മാറ്റവും വകുപ്പുതല നടപടിയും: മൗലികാവകാശം ലംഘിച്ച ഉദ്യോഗസ്ഥനിൽ നിന്ന് കേസ് മാറ്റണം; സർവീസ് ബുക്കിൽ നടപടി രേഖപ്പെടുത്തണം.
- പബ്ലിക് ലോ റെമഡി: അനുച്ഛേദം 21, 22 ലംഘനങ്ങൾക്ക് ഇരയായ വ്യക്തിക്ക് കോടതി എക്സംപ്ലറി നഷ്ടപരിഹാരം നൽകണം.
അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന അനുച്ഛേദം 22(2) ലെ വ്യവസ്ഥയും നിർബന്ധിത സുരക്ഷാ കവചമാണ്. പിന്നീട് കുറ്റപത്രം സമർപ്പിച്ചതുകൊണ്ടോ കോടതി സംജ്ഞാനമെടുത്തതുകൊണ്ടോ ആദ്യത്തെ നിയമവിരുദ്ധ തടങ്കൽ സാധൂകരിക്കപ്പെടില്ലെന്നും കോടതി അടിവരയിട്ടു.