കൊച്ചി: വയനാട് മുട്ടിലിലെ കെട്ടിടത്തിൽ നിന്നും വൻതോതിൽ വിദേശനിർമ്മിത വിദേശമദ്യവും വൈനും പിടിച്ചെടുത്ത സംഭവത്തിൽ കൽപ്പറ്റ എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ എറണാകുളം വാഴക്കാല സ്വദേശി ആന്റോ അഗസ്റ്റിന് (38) ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), 2023 ലെ സെക്ഷൻ 483 പ്രകാരം സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.
1077-ലെ കേരള അബ്കാരി നിയമത്തിലെ 55(എ), 55(ഐ), 58 വകുപ്പുകൾ ചുമത്തി കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 154/2026 കേസിലാണ് നടപടി. സെപ്റ്റംബർ 16-ന് ഉച്ചയ്ക്ക് 2.45-ഓടെയാണ് കേസിനാസ്പദമായ സംഭവം. വൈത്തിരി താലൂക്ക്, മുട്ടിൽ സൗത്ത് വില്ലേജ് കാരാപ്പുഴ ഭാഗത്തെ മുട്ടിൽ ഗ്രാമപഞ്ചായത്ത് 10/603 നമ്പർ കെട്ടിടമായ “മൂങ്ങനാനിയിൽ വീടിന്റെ” ഒന്നാം നിലയിലെ മുറിയിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.
43.850 ലിറ്റർ ഫോറിൻ മെയ്ഡ് ഫോറിൻ മദ്യം (FML), 1.224 ലിറ്റർ ഫോറിൻ വൈൻ, ബെവ്കോയുടെ 6.250 ലിറ്റർ വൈൻ, സൈനിക കാന്റീൻ ലേബലുള്ള 750 മില്ലിലിറ്റർ മദ്യം, ആൽക്കഹോൾ സാന്നിധ്യമുള്ള 12.750 ലിറ്റർ ദ്രാവകം എന്നിവയാണ് ഇവിടെനിന്ന് എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് സെപ്റ്റംബർ 17-ന് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
തുടർന്ന് സുൽത്താൻ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. പ്രതിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ എസ്. ശ്രീകുമാർ, അഭിഭാഷകരായ എം.പി. ഷമീം അഹമ്മദ്, മുഹമ്മദ് ഫിർദൗസ് എ.വി എന്നിവർ ഹാജരായി. സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (DGP) ടി. ആസഫ് അലി, സ്പെഷ്യൽ ഗവ. പ്ലീഡർ റഷീദ് സി. നൂറനാട്, സീനിയർ ജി.പി ലളിസ ടി.വൈ എന്നിവർ കോടതിയിൽ ഹാജരായി.
താൻ തികച്ചും നിരപരാധിയാണെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നും ഹർജിക്കാരൻ വാദിച്ചു. മദ്യം കണ്ടെടുത്ത കെട്ടിടം തന്റേതല്ലെന്നും മുൻപ് ബാങ്കിൽ പണയപ്പെടുത്തിയിരുന്ന ഈ സ്ഥലം വായ്പാ കുടിശ്ശികയെ തുടർന്ന് 2002 ലെ സർഫാസി (SARFAESI) നിയമപ്രകാരം എസ്.ബി.ഐ എറണാകുളം റീട്ടെയിൽ അസറ്റ്സ് റിക്കവറി ബ്രാഞ്ച് 2022 സെപ്റ്റംബറിൽ ലില്ലി ജോസ് എന്ന വ്യക്തിക്ക് വിറ്റതാണെന്നും പ്രതിഭാഗം വാദിച്ചു. ഇതിന് ഉപോൽബലകമായി സെയിൽ സർട്ടിഫിക്കറ്റ് (അനക്സർഷർ A3) അടക്കമുള്ള 12 സുപ്രധാന രേഖകൾ ഹാജരാക്കി.
എന്നാൽ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും ഭൂനികുതി രസീതും വോട്ടർ പട്ടികയും ഇപ്പോഴും ആന്റോ അഗസ്റ്റിന്റെ പേരിൽ തന്നെയാണെന്നും കെട്ടിടം ഇയാളുടെ അധീനതയിലാണെന്നും ഡി.ജി.പി ടി. ആസഫ് അലി വാദിച്ചു. പ്രതിക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ശക്തമായി നിലപാടെടുത്തു.
ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ടെങ്കിലും റവന്യൂ റിക്കാർഡുകളിൽ പോക്കുവരവ് (Mutation) നടന്നിട്ടില്ലെന്ന വാദം കോടതി ഗൗരവത്തിലെടുത്തു. കെട്ടിടത്തിന്റെ ഉടമസ്ഥതയിലും അനുഭവ കൈവശാവകാശത്തിലും വ്യക്തമായ തർക്കമുണ്ടെന്ന് കോടതി വിലയിരുത്തി.
തൊണ്ടിമുതൽ പിടിച്ചെടുത്തുകഴിഞ്ഞതിനാലും, പ്രതിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകി ചോദ്യം ചെയ്തതിനാലും, സമാന സ്വഭാവമുള്ള മറ്റ് അബ്കാരി കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടില്ലെന്നതിനാലും ജാമ്യം അനുവദിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.