പള്ളിപ്പുറത്ത് അഭിഭാഷകസംഘത്തിനു നേരേ ആക്രമണം
ചൊവ്വാഴ്ച വൈകീട്ട് 6.15-ഓടെയായിരുന്നു സംഭവം. പേരക്കൽ വീട്ടിലെ മതിൽ പൊളിച്ചതു നോക്കുന്നതിനാണ് അഭിഭാഷകർ എത്തിയത്. സമീപവാസിയടക്കമുള്ള മൂന്നംഗ സംഘമാണ് ഇവരെ തടഞ്ഞുവെച്ച് ആക്രമിച്ചത്.
- അഡ്വ. രാജ്കമൽ (അഭിഭാഷകൻ)
- അഡ്വ. ശ്രീജിത്ത് (അഭിഭാഷകൻ)
- അഡ്വ. അഞ്ജന അനിൽകുമാർ (അഭിഭാഷക)
- അനിൽകുമാർ (പേരക്കൽ, പള്ളിപ്പുറം വാർഡ് 5)
- ജയശ്രീ (പേരക്കൽ, പള്ളിപ്പുറം)
അഭിഭാഷകരുടെ ജീവിതം തെരുവിൽ കിടന്ന് തല്ലുകൊള്ളാനോ?
അഡ്വക്കേറ്റ് പ്രൊട്ടക്ഷൻ നിയമം പാസ്സാക്കുക
അഭിഭാഷകരുടെ ജീവിതം തെരുവിൽ കിടന്ന്, പോലീസിൻ്റെയും കക്ഷികളുടെയും തല്ലു കൊള്ളാനാണോ എന്ന് ഇനിയെങ്കിലും നമ്മൾ ഇരുന്ന് ചിന്തിക്കണം. ഈ കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ, കേരളത്തിൽ എത്രയെത്ര അഭിഭാഷകരെയാണ് പോലീസ് മർദ്ദിച്ചിട്ടുള്ളത് എന്ന് കണക്കും മറുപടിയും പറയാൻ സർക്കാർ ബാധ്യസ്ഥമാണ്.
അഭിഭാഷക സംരക്ഷണ നിയമം പാസ്സാക്കുന്ന കാര്യത്തിൽ ഇടതു – വലതുസർക്കാരുകൾ തുടരുന്ന അനങ്ങാപ്പാറ നയം നമ്മുടെ ജനാധിപത്യ വ്യവസ്ഥയ്ക്ക് അപമാനമാണ്. ഒരു പരിഷ്കൃത ജനാധിപത്യ സിവിൾ സൊസൈറ്റിയുടെ രൂപീകരണത്തിൽ, ജുഡീഷ്യറിയും അതിൻ്റെ അവിഭാജ്യ ഭാഗമായ അഭിഭാഷകരും വഹിക്കുന്ന പങ്ക് എത്ര ബൃഹത്തായതാണെന്ന് ജനങ്ങളേയും സർക്കാരിനെയും ആരെങ്കിലും പറഞ്ഞറിയിക്കേണ്ടതുണ്ടോ?
ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയുടെയും നീതിന്യായ നിയമ സമ്പ്രദായത്തിൻ്റെയും നിലനിൽപ്പിനും വളർച്ചയ്ക്കും അഭിഭാഷകർ നൽകുന്ന സംഭാവനയ്ക്കും സേവനത്തിനും നേരെ കണ്ണടച്ച് ഇരുട്ടാക്കുന്നത് ഏതെങ്കിലും സർക്കാരിൻ്റെ അന്തസ്സിന് ചേർന്നതാണോ?
നിയമവ്യാഖ്യാതാക്കളായ അഭിഭാഷകരെ പോലീസും മറ്റ് ചില വിഭാഗങ്ങളും ചേർന്ന് മർദ്ദിച്ച് അവശരാക്കുമ്പോൾ, അത് ദശകങ്ങളായി നോക്കി നിൽക്കുന്ന സർക്കാരുകളെ, ജനാധിപത്യ സർക്കാരുകൾ എന്ന് എങ്ങനെയാണ് വിശേഷിപ്പിക്കാൻ കഴിയുക? നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന തൊഴിൽപരമായ അഭിഭാഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നിയമങ്ങൾ നിർമ്മിക്കാൻ കഴിയാത്ത ഗവൺമെൻ്റിനെ എങ്ങനെയാണ് ജനാധിപത്യ ഗവൺമെൻ്റ് എന്ന് വിശേഷിപ്പിക്കാൻ കഴിയുക?
അഭിഭാഷകൻ്റെ ഓഫീസിൽ നിന്നും കക്ഷികളെ, പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന അവസ്ഥ ഉണ്ടായാൽ, അഭിഭാഷകർക്ക് എങ്ങനെ തങ്ങളുടെ ജോലി സ്വതന്ത്രമായി നിർവ്വഹിക്കാൻ കഴിയും? തങ്ങളുടെ കക്ഷികൾക്ക് വേണ്ടി കോടതിയിൽ ഹാജരാവുന്ന അഭിഭാഷകരെയും കുടുംബത്തെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഒട്ടേറെ ഉദാഹരണങ്ങളുണ്ടായിട്ടും, അഭിഭാഷകരുടെ ജീവനെയും തൊഴിലിനെയും സംരക്ഷിക്കുന്ന നിയമങ്ങളുണ്ടാക്കാത്ത സർക്കാരുകളെ ജനാധിപത്യ സർക്കാരുകൾ എന്ന് വിളിക്കാൻ രാഷ്ട്രമീമാംസാപരമായ അർത്ഥത്തിൽ കഴിയുമോ?
പോലീസുകാരാലും സമ്പന്ന സ്വാധീന ശക്തിയുള്ളവരാലും ഭരണകൂടത്തിൽ മറ്റ് രാഷ്ട്രീയ സ്വാധീന ശക്തിയുള്ളവരാലും അഭിഭാഷകർ നിരന്തരം വേട്ടയാടപ്പെടുമ്പോൾ, അതിന് നോക്കുകുത്തികളാകുന്ന ഭരണകൂടത്തെ എങ്ങനെയാണ് പരിഷ്കൃത ജനാധിപത്യ ഭരണകൂടം എന്ന് വ്യവച്ഛേദിക്കാൻ കഴിയുക? ഒരു ജനാധിപത്യ ഭരണകൂടത്തിൻ്റെ അന്തസ്സും അഭിമാനവും നിലനിർത്താൻ കഴിയണമെങ്കിൽ, ആ വ്യവസ്ഥയുടെ ആധാരശിലയായ, നിയമവ്യാഖ്യാതാക്കളായ അഭിഭാഷകരെ സംരക്ഷിക്കാൻ സർക്കാരിന് കഴിയണം.
ജുഡീഷ്യറിയുടെ കാവൽ ഭടന്മാരായ അഭിഭാഷകർ ഇന്ന് തെരുവിൽ അക്രമിക്കപ്പെടുന്നുണ്ടെങ്കിൽ, നാളെ വിധിന്യായം എഴുതുന്ന ജഡ്ജിമാർ തെരുവിൽ ആക്രമിക്കപ്പെട്ടേക്കില്ല എന്ന് പറയാൻ കഴിയുമോ? നിയമവാഴ്ച്ച അതിൻ്റെ അടിത്തറയിൽ തന്നെ സംരക്ഷിക്കപ്പെടണമെന്നുണ്ടെങ്കിൽ, കോർട്ട് ഓഫീസർമാരായ അഭിഭാഷകരുടെ സ്വതന്ത്രമായി ജോലി ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണമെന്ന ബോധം മാറി മാറി വരുന്ന ഗവൺമെൻ്റുകൾക്കുണ്ടാകണം.
ഇടതു – വലതു സർക്കാരുകൾ ആരെയൊക്കെയോ ഭയക്കുന്നതുകൊണ്ടാണ് (പോലീസിനെയാണോ?) അഭിഭാഷക സംരക്ഷണ നിയമം പാസ്സാക്കുന്നതിൽ നിന്നും പിന്മാറുന്നതെന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യ വ്യവസ്ഥയോടും നീതിന്യായ നിയമവ്യവസ്ഥയോടുമുള്ള കനത്ത നിരുത്തരവാദിത്വമാണ്, അഡ്വക്കേറ്റ് പ്രൊട്ടക്ഷൻ നിയമത്തിൽ നിന്നും സർക്കാരുകൾ പിന്മാറുന്നതിൽ നിന്നും വെളിവാകുന്നത്.