LAWYERS OF KERALA – നിയമ വാർത്ത
കേരള ലീഗൽ ജേർണൽ & ഒഫീഷ്യൽ ന്യൂസ് പേപ്പർ
KL/EKM/2026/LOK-788 | വോള്യം: 14 • ലക്കം: 236
എറണാകുളം / ആലപ്പുഴ എഡിഷൻ • ബുധൻ, 30 സെപ്റ്റംബർ 2026 • വില: ₹ 5.00
പബ്ലിഷർ
അഡ്വ. മുജീബ് റഹ്മാൻ
ബാർ കൗൺസിൽ അംഗം
ഓഫീസ്: മാവേലിക്കര, ആലപ്പുഴ – 690101
The Legal Journal & Daily of Kerala

LAWYERS OF KERALA

നിയമ വാർത്ത
“നീതിപീഠത്തിന്റെ കാവലാളുകൾക്കൊപ്പം • വസ്തുതാപരമായ നിയമ റിപ്പോർട്ടിംഗ്”
ചീഫ് എഡിറ്റർ
അഡ്വ. എ.ജെ. റിയാസ്
ഹൈക്കോടതി അഡ്വക്കറ്റ്
ഫോൺ: 9447292262 | editor@lawyersofkerala.com
പ്രതിഷേധം / കോടതി ബഹിഷ്കരണം

കിരാതമായ അക്രമത്തിൽ പ്രതിഷേധിച്ചു ചേർത്തലയിൽ അഭിഭാഷകർ കോടതികൾ ബഹിഷ്കരിക്കുന്നു

ചേർത്തല ബാർ അസോസിയേഷൻ സമരം
അഭിഭാഷകരടക്കം അഞ്ചുപേർക്കു പരിക്ക്

പള്ളിപ്പുറത്ത് അഭിഭാഷകസംഘത്തിനു നേരേ ആക്രമണം

▸ മതിൽ പൊളിച്ചതിൽ കോടതിയിൽ ഹർജി നൽകാൻ സ്ഥലം സന്ദർശിക്കാനെത്തിയ സംഘം
▸ വനിതാ അഭിഭാഷകയും സഹപ്രവർത്തകരും മാതാപിതാക്കളും ആശുപത്രിയിൽ
▸ സമീപവാസിയടക്കമുള്ള മൂന്നംഗ സംഘം തടഞ്ഞുവെച്ച് മർദിച്ചു
വാർത്താ റിപ്പോർട്ട് ചേർത്തല / പള്ളിപ്പുറം
ചേർത്തല ‣ വനിതാ അഭിഭാഷകയുടെ വീട്ടിന്റെ മതിൽ പൊളിച്ച സംഭവത്തിൽ കോടതിയിൽ ഹർജി നൽകുന്നതിനു സ്ഥലം സന്ദർശിക്കാനെത്തിയ അഭിഭാഷകസംഘത്തിനു നേരേ ആക്രമണം. അഞ്ചുപേർക്കു പരിക്കേറ്റു.
അഡ്വ. രാജ്കമൽ, അഡ്വ. ശ്രീജിത്ത്, അഡ്വ. അഞ്ജന അനിൽകുമാർ, അഞ്ജനയുടെ അച്ഛൻ പള്ളിപ്പുറം അഞ്ചാം വാർഡ് പേരക്കൽ അനിൽകുമാർ, അമ്മ ജയശ്രീ എന്നിവരാണ് പരിക്കേറ്റു ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.
സംഭവം നടന്ന സമയം ചൊവ്വാഴ്ച വൈകീട്ട് 6.15

ചൊവ്വാഴ്ച വൈകീട്ട് 6.15-ഓടെയായിരുന്നു സംഭവം. പേരക്കൽ വീട്ടിലെ മതിൽ പൊളിച്ചതു നോക്കുന്നതിനാണ് അഭിഭാഷകർ എത്തിയത്. സമീപവാസിയടക്കമുള്ള മൂന്നംഗ സംഘമാണ് ഇവരെ തടഞ്ഞുവെച്ച് ആക്രമിച്ചത്.

ചേർത്തല പോലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ അഭിഭാഷകസംഘടനകളും ചേർത്തല ബാർ അസോസിയേഷനും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ
  • അഡ്വ. രാജ്കമൽ (അഭിഭാഷകൻ)
  • അഡ്വ. ശ്രീജിത്ത് (അഭിഭാഷകൻ)
  • അഡ്വ. അഞ്ജന അനിൽകുമാർ (അഭിഭാഷക)
  • അനിൽകുമാർ (പേരക്കൽ, പള്ളിപ്പുറം വാർഡ് 5)
  • ജയശ്രീ (പേരക്കൽ, പള്ളിപ്പുറം)
ചികിത്സാ കേന്ദ്രം: ചേർത്തല താലൂക്ക് ആശുപത്രി
വിശേഷാൽ നിയമലേഖനം / എഡിറ്റോറിയൽ തീയതി: 29.09.2026
എഴുതിയത്: അഡ്വ. പാവുമ്പ സഹദേവൻ (ഫോൺ: 9744672832)

അഭിഭാഷകരുടെ ജീവിതം തെരുവിൽ കിടന്ന് തല്ലുകൊള്ളാനോ? അഡ്വക്കേറ്റ് പ്രൊട്ടക്ഷൻ നിയമം പാസ്സാക്കുക

അഭിഭാഷകരുടെ ജീവിതം തെരുവിൽ കിടന്ന്, പോലീസിൻ്റെയും കക്ഷികളുടെയും തല്ലു കൊള്ളാനാണോ എന്ന് ഇനിയെങ്കിലും നമ്മൾ ഇരുന്ന് ചിന്തിക്കണം. ഈ കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ, കേരളത്തിൽ എത്രയെത്ര അഭിഭാഷകരെയാണ് പോലീസ് മർദ്ദിച്ചിട്ടുള്ളത് എന്ന് കണക്കും മറുപടിയും പറയാൻ സർക്കാർ ബാധ്യസ്ഥമാണ്.

അഭിഭാഷക സംരക്ഷണ നിയമം പാസ്സാക്കുന്ന കാര്യത്തിൽ ഇടതു – വലതുസർക്കാരുകൾ തുടരുന്ന അനങ്ങാപ്പാറ നയം നമ്മുടെ ജനാധിപത്യ വ്യവസ്ഥയ്ക്ക് അപമാനമാണ്. ഒരു പരിഷ്‌കൃത ജനാധിപത്യ സിവിൾ സൊസൈറ്റിയുടെ രൂപീകരണത്തിൽ, ജുഡീഷ്യറിയും അതിൻ്റെ അവിഭാജ്യ ഭാഗമായ അഭിഭാഷകരും വഹിക്കുന്ന പങ്ക് എത്ര ബൃഹത്തായതാണെന്ന് ജനങ്ങളേയും സർക്കാരിനെയും ആരെങ്കിലും പറഞ്ഞറിയിക്കേണ്ടതുണ്ടോ?

ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയുടെയും നീതിന്യായ നിയമ സമ്പ്രദായത്തിൻ്റെയും നിലനിൽപ്പിനും വളർച്ചയ്ക്കും അഭിഭാഷകർ നൽകുന്ന സംഭാവനയ്ക്കും സേവനത്തിനും നേരെ കണ്ണടച്ച് ഇരുട്ടാക്കുന്നത് ഏതെങ്കിലും സർക്കാരിൻ്റെ അന്തസ്സിന് ചേർന്നതാണോ?

നിയമവ്യാഖ്യാതാക്കളായ അഭിഭാഷകരെ പോലീസും മറ്റ് ചില വിഭാഗങ്ങളും ചേർന്ന് മർദ്ദിച്ച് അവശരാക്കുമ്പോൾ, അത് ദശകങ്ങളായി നോക്കി നിൽക്കുന്ന സർക്കാരുകളെ, ജനാധിപത്യ സർക്കാരുകൾ എന്ന് എങ്ങനെയാണ് വിശേഷിപ്പിക്കാൻ കഴിയുക? നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന തൊഴിൽപരമായ അഭിഭാഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നിയമങ്ങൾ നിർമ്മിക്കാൻ കഴിയാത്ത ഗവൺമെൻ്റിനെ എങ്ങനെയാണ് ജനാധിപത്യ ഗവൺമെൻ്റ് എന്ന് വിശേഷിപ്പിക്കാൻ കഴിയുക?

അഭിഭാഷകൻ്റെ ഓഫീസിൽ നിന്നും കക്ഷികളെ, പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന അവസ്ഥ ഉണ്ടായാൽ, അഭിഭാഷകർക്ക് എങ്ങനെ തങ്ങളുടെ ജോലി സ്വതന്ത്രമായി നിർവ്വഹിക്കാൻ കഴിയും? തങ്ങളുടെ കക്ഷികൾക്ക് വേണ്ടി കോടതിയിൽ ഹാജരാവുന്ന അഭിഭാഷകരെയും കുടുംബത്തെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഒട്ടേറെ ഉദാഹരണങ്ങളുണ്ടായിട്ടും, അഭിഭാഷകരുടെ ജീവനെയും തൊഴിലിനെയും സംരക്ഷിക്കുന്ന നിയമങ്ങളുണ്ടാക്കാത്ത സർക്കാരുകളെ ജനാധിപത്യ സർക്കാരുകൾ എന്ന് വിളിക്കാൻ രാഷ്ട്രമീമാംസാപരമായ അർത്ഥത്തിൽ കഴിയുമോ?

പോലീസുകാരാലും സമ്പന്ന സ്വാധീന ശക്തിയുള്ളവരാലും ഭരണകൂടത്തിൽ മറ്റ് രാഷ്ട്രീയ സ്വാധീന ശക്തിയുള്ളവരാലും അഭിഭാഷകർ നിരന്തരം വേട്ടയാടപ്പെടുമ്പോൾ, അതിന് നോക്കുകുത്തികളാകുന്ന ഭരണകൂടത്തെ എങ്ങനെയാണ് പരിഷ്കൃത ജനാധിപത്യ ഭരണകൂടം എന്ന് വ്യവച്ഛേദിക്കാൻ കഴിയുക? ഒരു ജനാധിപത്യ ഭരണകൂടത്തിൻ്റെ അന്തസ്സും അഭിമാനവും നിലനിർത്താൻ കഴിയണമെങ്കിൽ, ആ വ്യവസ്ഥയുടെ ആധാരശിലയായ, നിയമവ്യാഖ്യാതാക്കളായ അഭിഭാഷകരെ സംരക്ഷിക്കാൻ സർക്കാരിന് കഴിയണം.

“നിയമവാഴ്ച്ച (Rule of Law) സംരക്ഷിക്കപ്പെടണമെന്നുണ്ടെങ്കിൽ ജനങ്ങളോടൊപ്പം അഭിഭാഷകരും സംരക്ഷിക്കപ്പെടണം. (അഡ്വക്കേറ്റ് പ്രൊട്ടക്ഷൻ ബില്ലിൻ്റെ ഒരു കരട് രൂപം തയ്യാറാക്കി ഗവൺമെൻ്റിന് സമർപ്പിക്കാൻ നമ്മുടെ വിവിധ നിറത്തിലുള്ള അഭിഭാഷക സംഘടനകൾക്കോ കേരള ബാർ കൗൺസിലിനോ ഇതുവരെ കഴിഞ്ഞോ എന്ന് ആത്മപരിശോധന നടത്തണം).”

ജുഡീഷ്യറിയുടെ കാവൽ ഭടന്മാരായ അഭിഭാഷകർ ഇന്ന് തെരുവിൽ അക്രമിക്കപ്പെടുന്നുണ്ടെങ്കിൽ, നാളെ വിധിന്യായം എഴുതുന്ന ജഡ്ജിമാർ തെരുവിൽ ആക്രമിക്കപ്പെട്ടേക്കില്ല എന്ന് പറയാൻ കഴിയുമോ? നിയമവാഴ്ച്ച അതിൻ്റെ അടിത്തറയിൽ തന്നെ സംരക്ഷിക്കപ്പെടണമെന്നുണ്ടെങ്കിൽ, കോർട്ട് ഓഫീസർമാരായ അഭിഭാഷകരുടെ സ്വതന്ത്രമായി ജോലി ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണമെന്ന ബോധം മാറി മാറി വരുന്ന ഗവൺമെൻ്റുകൾക്കുണ്ടാകണം.

ഇടതു – വലതു സർക്കാരുകൾ ആരെയൊക്കെയോ ഭയക്കുന്നതുകൊണ്ടാണ് (പോലീസിനെയാണോ?) അഭിഭാഷക സംരക്ഷണ നിയമം പാസ്സാക്കുന്നതിൽ നിന്നും പിന്മാറുന്നതെന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യ വ്യവസ്ഥയോടും നീതിന്യായ നിയമവ്യവസ്ഥയോടുമുള്ള കനത്ത നിരുത്തരവാദിത്വമാണ്, അഡ്വക്കേറ്റ് പ്രൊട്ടക്ഷൻ നിയമത്തിൽ നിന്നും സർക്കാരുകൾ പിന്മാറുന്നതിൽ നിന്നും വെളിവാകുന്നത്.

നിയമസമൂഹത്തിന്റെ അടിയന്തര ആവശ്യങ്ങൾ DEMANDS CHARTER
അഭിഭാഷക സംരക്ഷണ നിയമം പാസ്സാക്കുക
നിയമവാഴ്ച്ച സംരക്ഷിക്കുക
ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുക
സർക്കാർ നീതി പാലിക്കുക
ലേഖകൻ: അഡ്വ. പാവുമ്പ സഹദേവൻ | ഫോൺ: 9744672832
ലേഖനം പൂർത്തിയായ തീയതി: 29.09.2026