പ്രതികളായ അഭിഭാഷകരെ വെറുതെ വിട്ടു
കൊല്ലം: കരുനാഗപ്പള്ളി പോലീസ് ലോക്കപ്പ് മർദ്ദനത്തിനെതിരെ അഭിഭാഷകർ നടത്തിയ പ്രതിഷേധത്തിനിടയിൽ പോലീസ് വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചെന്ന കേസിൽ പ്രതികളായ എട്ട് അഭിഭാഷകരെയും കോടതി വെറുതെ വിട്ടു. കൊല്ലം ബാർ അസോസിയേഷൻ അംഗമായ അഭിഭാഷകനെ കരുനാഗപ്പള്ളി പോലീസ് ലോക്കപ്പിലിട്ട് മർദ്ദിച്ചതിനെതിരെ പ്രതിഷേധിച്ചു നടത്തിയ അഭിഭാഷകരുടെ പ്രകടനത്തിനിടയാണ് സംഭവം.
കളക്ടറേറ്റിനുള്ളിൽ വെച്ച് പോലീസ് വാഹനം തടഞ്ഞ് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു കൃത്യനിർവഹണത്തിന് തടസം സൃഷ്ടിച്ചുവെന്നും പോലീസ് വാഹനത്തിന് നിസ്സാരമായ നാശനഷ്ടം വരുത്തിയെന്നും ആരോപിച്ചു കൊല്ലം വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
സംഭവത്തിൽ കൊല്ലം ബാർ അസോസിയേഷൻ അംഗങ്ങളായ ജോസ് കണ്ടൻ, കബീർ ഷാ, ധീരജ് രവി, പ്രദീപ് വിജയൻ, സജീവ് ബാബു, വിവേക്, ആനന്ദ്, ബ്രഹ്മാനന്ദ് എന്നിവരെയാണ് വെറുതെ വിട്ട് ചവറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ബിനു ഉത്തരവായത്.
കേരളത്തിലെ മുഴുവൻ ബാർ അസോസിയേഷനുകളും സമരത്തിൽ പങ്കെടുത്ത് പത്ത് ദിവസത്തോളം കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയും തുടർന്ന് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതിലുണ്ടായ കാലതാമസവും സാക്ഷികളായ പോലീസുകാരുടെ മൊഴികളിലെ വൈരുദ്ധ്യവും നിഷ്പക്ഷ സാക്ഷികളുടെ അഭാവവും പ്രോസിക്യൂഷൻ ആരോപണങ്ങൾ അവിശ്വസിക്കാൻ കാരണമായതായി കോടതി കണക്കാക്കി. അവ്യക്തവും മതിയായ രേഖകളുടെ പിൻബലവുമില്ലാതെ ഹാജരാക്കിയ സി.സി.ടി.വി ദൃശ്യങ്ങളും കോടതി പരിഗണിച്ചില്ല.
“സാക്ഷിമൊഴികളിലെ വൈരുദ്ധ്യവും സ്വതന്ത്ര സാക്ഷികളില്ലാത്തതും കേസ് കെട്ടിച്ചമച്ചതാണെന്ന പ്രതിഭാഗ വാദത്തെ ബലപ്പെടുത്തുന്നു.” — കോടതി വിധിന്യായത്തിൽ നിന്ന്