കൊച്ചി: വയനാട് സുൽത്താൻ ബത്തേരി പഴുപ്പത്തൂരിൽ സ്വന്തം അമ്മയെ പട്ടികക്കഷണം കൊണ്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകന് വയനാട് അഡീഷണൽ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ കേരള ഹൈക്കോടതി ശരിവെച്ചു. പഴുപ്പത്തൂർ കാവുംകരക്കുന്ന് ഹൗസിൽ പ്രദീപ്.കെ (31) നൽകിയ ക്രിമിനൽ അപ്പീൽ (Crl.A. No. 764/2020) തള്ളിക്കൊണ്ടാണ് ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായക ഉത്തരവ്.
2016 സെപ്റ്റംബർ 15-ന് വൈകുന്നേരം ആറ് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദീപിന്റെ അമ്മ ചന്ദ്രിക അവരുടെ രണ്ടാം ഭർത്താവായ ബാലകൃഷ്ണനൊപ്പം പഴുപ്പത്തൂരിലെ വീട്ടിൽ താമസിച്ച് വരികയായിരുന്നു. അമ്മയുടെ രണ്ടാം വിവാഹത്തിലും അവരുടെ മദ്യപാന ശീലത്തിലും പ്രദീപിന് കടുത്ത അമർഷമുണ്ടായിരുന്നു. സംഭവദിവസം തടിക്കഷണം (പട്ടികക്കഷണം) കൈയ്യിലേന്തി വീടിന്റെ ഉമ്മറത്തേക്ക് അതിക്രമിച്ചു കയറിയ പ്രതി, അമ്മ ചന്ദ്രികയെ തലയിലും ശരീരത്തിലും ദയയില്ലാതെ അടിച്ചു പരിക്കേൽപ്പിച്ചു.
ഡോക്ടറോട് പറഞ്ഞ കുറ്റസമ്മതം (Extrajudicial Confession)
“ഇന്ന് വൈകുന്നേരം 4 മണിക്ക് പഴുപ്പത്തൂർ വെച്ച് ഞാൻ പട്ടികക്കഷണം വെച്ച് തലയ്ക്കും ദേഹത്തും അടിച്ചതിനാൽ. അമ്മ മദ്യപിച്ചിരുന്നു.”
— സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോ. എം.കെ. അനന്തനാഥൻ മുൻപാകെ പ്രതി പറഞ്ഞ മൊഴി (Ext. P5)ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി ചന്ദ്രിക കിടപ്പുമുറിയിലേക്ക് ഓടിക്കയറിയെങ്കിലും പ്രതി പിന്നാലെ ചെന്ന് ആക്രമണം തുടരുകയായിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ചന്ദ്രികയെ സുൽത്താൻ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്നേ ദിവസം രാത്രി 10:05-ഓടെ മരണത്തിന് കീഴടങ്ങി. തടയാൻ ശ്രമിച്ച രണ്ടാം ഭർത്താവ് ബാലകൃഷ്ണനെയും പ്രതി തടിക്കഷണം കൊണ്ട് അടിച്ച് കാലിന് ഒടിവുണ്ടാക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു.
വിചാരണ വേളയിൽ കേസിലെ പ്രധാന സാക്ഷികളായ അമ്മൂമ്മ (PW3), സഹോദരി (PW5), ബന്ധുക്കൾ എന്നിവരടക്കം ഭൂരിഭാഗം സാക്ഷികളും കൂറുമാറുകയും പ്രോസിക്യൂഷന് എതിരായി മൊഴി നൽകുകയും ചെയ്തിരുന്നു. കൂടാതെ, സംഭവത്തിലെ ഏക ദൃക്‌സാക്ഷിയായിരുന്ന രണ്ടാം ഭർത്താവ് ബാലകൃഷ്ണൻ വിചാരണ തുടങ്ങുന്നതിന് മുൻപ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.
എന്നാൽ പരിക്കേറ്റ ചന്ദ്രികയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതി ഡോക്ടറോട് (PW12 – ഡോ. എം.കെ. അനന്തനാഥൻ) നടത്തിയ വെളിപ്പെടുത്തലും (Extrajudicial Confession), പ്രതി ചൂണ്ടിക്കാണിച്ചതനുസരിച്ച് കുറ്റകൃത്യത്തിന് ഉപയോഗിച്ച MO1, MO2 തടിക്കഷണങ്ങൾ കണ്ടെടുത്തതും (Section 27 Recovery), എഫ്.എസ്.എൽ റിപ്പോർട്ടിൽ വസ്ത്രങ്ങളിലെയും ആയുധങ്ങളിലെയും രക്തഗ്രൂപ്പ് (AB Group) തുല്യമായി കണ്ടെത്തിയതും കേസിൽ ശക്തമായ സാഹചര്യത്തെളിവുകളായി ഹൈക്കോടതി വിലയിരുത്തി.