രാജ്യത്തെ വലിയൊരു വിഭാഗം നിയമജ്ഞർക്കും അഭിഭാഷകർക്കും ഉയർന്ന ഫീസ് ഈടാക്കുന്ന വാണിജ്യ നിയമ ഡാറ്റാബേസുകൾ സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും, അവർ പ്രധാനമായും ആശ്രയിക്കുന്നത് ‘ഇന്ത്യൻ കാനൂൻ’ (Indian Kanoon) പോലുള്ള സൗജന്യ വെബ്‌സൈറ്റുകളെയാണെന്നും ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ക്രിമിനൽ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തി തനിക്കെതിരെയുള്ള വിധിന്യായങ്ങൾ ഗൂഗിൾ തിരച്ചിൽ ഫലങ്ങളിൽ നിന്നും ഇന്ത്യൻ കാനൂനിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ മുൻപ് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ‘മറക്കപ്പെടാനുള്ള അവകാശം’ (Right to be Forgotten) സംബന്ധിച്ച ഉത്തരവിനെതിരെ ഇന്ത്യൻ കാനൂൻ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസ് സി. ഹരിശങ്കർ, ജസ്റ്റിസ് വിനോദ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സുപ്രധാന നിരീക്ഷണം നടത്തിയത്.
ഓപ്പൺ കോർട്ട് തത്വമനുസരിച്ച് കോടതി വിധികൾ പരസ്യ രേഖകളാണ്. ഒരു വ്യക്തിയുടെ സ്വകാര്യതയും പൊതുസമൂഹത്തിന് നിയമപരമായ കാര്യങ്ങൾ അറിയാനുള്ള അവകാശവും തമ്മിൽ തുലനം ചെയ്യേണ്ടതുണ്ട്. ഒരു കേസിൽ നിന്നും പ്രതിയുടെ പേര് നീക്കം ചെയ്യുന്നത് ഭാവിയിൽ ആ വിധിന്യായത്തിന്റെ വസ്തുതാപരമായ ആധികാരികതയെ എങ്ങിനെ ബാധിക്കുമെന്നത് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർവാദങ്ങൾക്കായി കേസ് ഒക്ടോബർ 14 ലേക്ക് മാറ്റി.