സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള കുട്ടികളുടെ ലൈംഗിക ചൂഷണവും അതിക്രമ ദൃശ്യങ്ങളും (CSEAM) തടയുന്നതിൽ പ്ലാറ്റ്‌ഫോം ഇടനിലക്കാർ (Intermediaries) പുലർത്തുന്ന വീഴ്ചകളിൽ അതിരൂക്ഷമായ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ ഉത്തരവ്. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ.വി. ചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ് നൽകിയ ഇടക്കാല ഹർജികളിൽ (M.A. 2553-2554/2026) കേന്ദ്ര സർക്കാരിനും ഐടി കമ്പനികൾക്കും കനത്ത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
2024 സെപ്റ്റംബർ 23-ലെ വിധിന്യായത്തിന് (2024 INSC 716) ശേഷം രണ്ട് വർഷം പിന്നിട്ടിട്ടും കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പരസ്യ മാനദണ്ഡങ്ങളുടെയും (Advertising Standards) കമ്മ്യൂണിറ്റി ചട്ടങ്ങളുടെയും മറപിടിച്ച് ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങളുടെ ലിങ്കുകൾ പ്രചരിപ്പിക്കപ്പെടുന്നത് കണ്ണടച്ച് കാണാനാകില്ല. കേവലം ഉപയോക്താക്കളുടെ പരാതികൾക്കായി കാത്തുനിൽക്കാതെ സാങ്കേതിക വിദ്യ ഉപയോഗിച്ച് തത്സമയം ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും റിപ്പോർട്ട് ചെയ്യാനും നിർബന്ധിത സംവിധാനം വേണമെന്ന് കോടതി ഉത്തരവിട്ടു.
ഐടി ആക്ട് സെക്ഷൻ 79-ന്റെ ‘സേഫ് ഹാർബർ’ സംരക്ഷണം നഷ്ടമാകും
പോക്സോ നിയമത്തിലെ (POCSO Act) സെക്ഷൻ 19, 20 എന്നിവയും പോക്സോ ചട്ടങ്ങളിലെ ചട്ടം 11-ഉം അനുശാസിക്കുന്ന നിർബന്ധിത റിപ്പോർട്ടിംഗ് ബാധ്യതകൾ പാലിക്കാത്ത ഒരു സോഷ്യൽ മീഡിയാ ഇടനിലക്കാരനും ഐടി നിയമത്തിലെ സെക്ഷൻ 79 നൽകുന്ന ക്രിമിനൽ ബാധ്യതാ സംരക്ഷണം (Safe Harbour Immunity) ലഭിക്കില്ലെന്ന് ജസ്റ്റിസ് പർദിവാല വിധിന്യായത്തിൽ ആവർത്തിച്ചു. ഒരു കുറ്റകൃത്യം നടന്നു കഴിഞ്ഞതിനു ശേഷമുള്ള post-facto നടപടിയായി മാത്രം സെക്ഷൻ 79-നെ കാണുന്നത് കുറ്റകൃത്യം തടയാൻ പര്യാപ്തമല്ല.
സഹയോഗ് പോർട്ടലും ദേശീയ ഹാഷ്-യുആർഎൽ ഡാറ്റാബേസും
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) നിയന്ത്രിക്കുന്ന ‘സഹയോഗ് പോർട്ടൽ’ (Sahyog Portal) വിപുലീകരിക്കുകയോ സ്വതന്ത്രമായ ‘നാഷണൽ ഹാഷ് & യുആർഎൽ ലിസ്റ്റ് ഡാറ്റാബേസ്’ സജ്ജമാക്കുകയോ വേണം. ഓരോ പ്ലാറ്റ്‌ഫോമും വെവ്വേറെ പരിശോധിക്കുന്നതിന് പകരം, കേന്ദ്രീകൃത ഡാറ്റാബേസിലൂടെ മുഴുവൻ പ്ലാറ്റ്‌ഫോമുകളിലും ഒരേസമയം തടയിടാൻ (Cross-platform removal) സാധിക്കണമെന്ന് സുപ്രീം കോടതി അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി.
കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയവും നിയമ മന്ത്രാലയവും നിർദ്ദേശങ്ങൾ നടപ്പാക്കിയതിന്റെ റിപ്പോർട്ട് സത്യവാങ്മൂലമായി സമർപ്പിക്കണം. കേസ് വീണ്ടും 2026 ഡിസംബർ 10-ന് പരിഗണിക്കും (ഖണ്ഡിക 320).