നിയമ വാർത്ത
NIYAMA VARTHA DAILY • നീതിയുടെയും നിയമത്തിന്റെയും വിശ്വസ്ത ശബ്ദം
പോക്‌സോ കേസിൽ ഒത്തുതീർപ്പ് സാധ്യമല്ല: കുട്ടിക്ക് സംരക്ഷണം നൽകാൻ കോടതിക്ക് ബാധ്യതയുണ്ട് – ഹൈക്കോടതി
“വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ”; പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന്റെ ജാമ്യാപേക്ഷ തള്ളി. അമ്മ ഒത്തുതീർപ്പിന് തയാറായാലും കുറ്റകൃത്യത്തിന്റെ ഗൗരവം കുറയില്ലെന്ന് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത്.
“പ്രായപൂർത്തിയാകാത്ത മക്കളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കേസുകളിൽ മാതാപിതാക്കൾക്ക് ഒത്തുതീർപ്പുണ്ടാക്കാൻ നിയമപരമായ അവകാശമില്ല. ക്രിമിനൽ നടപടികൾ ഒഴിവാക്കാൻ മാതാപിതാക്കൾ നടത്തുന്ന ഏതൊരു കരാറും നിയമവിരുദ്ധമാണ്. മാതാപിതാക്കൾ പരാജയപ്പെടുന്നിടത്തും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ‘പാരൻസ് പാട്രിയേ’ (Parens Patriae) അധികാരപരിധിയിൽ കോടതികൾക്ക് ബാധ്യതയുണ്ട്.”
— ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് (കേരള ഹൈക്കോടതി)
എറണാകുളം: പോക്‌സോ (POCSO) നിയമപ്രകാരമുള്ള ഗുരുതരമായ ലൈംഗിക അതിക്രമ കേസുകളിൽ ഇരയായ കുട്ടിയുടെ മാതാപിതാക്കൾ പ്രതിയുമായി ഒത്തുതീർപ്പിലെത്തിയാലും കേസ് റദ്ദാക്കാനോ പ്രതിക്ക് ജാമ്യം അനുവദിക്കാനോ കഴിയില്ലെന്ന് കേരള ഹൈക്കോടതി വ്യക്താമാക്കി. പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ പിതാവ് സമർപ്പിച്ച രണ്ടാം ജാമ്യാപേക്ഷ പൂർണ്ണമായും തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ നിർണായകമായ ഈ ഉത്തരവ്.
തൃശൂർ ജില്ലയിലെ ചാലക്കുടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 354/2026 കേസിലാണ് ഉത്തരവ്. 17 വയസ്സുള്ള സ്വന്തം മകളെ 2026 ഫെബ്രുവരി, മാർച്ച് മാസങ്ങളിലും തുടർന്ന് ഏപ്രിൽ 10 നും വീട്ടിൽ വെച്ച് തുടർച്ചയായി ലൈംഗികമായി ഉപദ്രവിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തു എന്നാണ് കേസ്. 2026 ഏപ്രിൽ 17 മുതൽ റിമാൻഡിൽ കഴിയുന്ന പ്രതി, മുൻപ് സമർപ്പിച്ച ആദ്യ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 483 പ്രകാരമാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
കേസ് വിവരങ്ങൾ
2026 (8) KLR 38| കോടതി: | കേരള ഹൈക്കോടതി |
| ജഡ്ജി: | ഡോ. ജസ്റ്റിസ് കൗസർ എടപ്പഗത്ത് |
| ഹർജി നമ്പർ: | Bail Appl. No. 4130 / 2026 |
| ഉത്തരവ് തീയതി: | 2026 ഓഗസ്റ്റ് 3 |
| പോലീസ് സ്റ്റേഷൻ: | ചാലക്കുടി (Crime No. 354/2026) |
| ചുമത്തിയ കുറ്റങ്ങൾ: | POCSO Act Sec 10, 9( ), 9(n), 12, 11(i) |
| പ്രതിഭാഗം അഡ്വക്കറ്റ്: | അഡ്വ. ജെറി മാത്യു |
| പ്രോസിക്യൂഷൻ: | സീനിയർ പി. പി. അനീഡ ബീഗം |
അമ്മയുടെ സത്യവാങ്മൂലം തള്ളി ഹൈക്കോടതി
കേസിൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നും കേസ് ഒത്തുതീർപ്പായെന്നും കാണിച്ച് പെൺകുട്ടിയുടെ അമ്മ കോടതിയിൽ Annexure-3 ആയി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഭർത്താവിനെതിരെയുള്ള പരാതിയിൽ കൂടുതൽ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും പെൺകുട്ടിക്ക് പരാതിയില്ലെന്നും അമ്മ അവകാശപ്പെട്ടു.
എന്നാൽ ഈ നിലപാടിനെതിരെ കോടതി അതീവ ഗൗരവകരമായ നിരീക്ഷണങ്ങൾ നടത്തി. “സ്വന്തം മകളെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ, പരാതിക്കാരിയായ അമ്മ കുട്ടിയുടെ സുരക്ഷിതത്വവും ക്ഷേമവും പൂർണ്ണമായും അവഗണിച്ച് ഒത്തുതീർപ്പിന് മുതിരുന്നത് ‘വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയ്ക്ക്’ തുല്യമാണ്” എന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചൂണ്ടിക്കാട്ടി.
സംഭവം നടന്നിട്ടില്ല എന്ന് അമ്മ കോടതിയിൽ വാദിച്ചിട്ടില്ലെന്നും, മറിച്ച് കേസ് ഒത്തുതീർപ്പാക്കി എന്ന് മാത്രമാണ് അവകാശപ്പെട്ടതെന്നും ബെഞ്ച് എടുത്തുപറഞ്ഞു. കുട്ടിക്കെതിരെ നടന്നിട്ടുള്ള ഇത്തരം മൃഗീയമായ കുറ്റകൃത്യങ്ങളിൽ മാതാപിതാക്കളുടെ ഇത്തരം ഒത്തുതീർപ്പുകൾ കുട്ടിയോടുള്ള അനീതിയാണെന്ന് കോടതി നിരീക്ഷിച്ചു.
“കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ കോമ്പൗണ്ട് (ഒത്തുതീർപ്പ്) ചെയ്യാവുന്നവയല്ല. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള അതിക്രമ കേസുകളിൽ ക്രിമിനൽ നടപടികൾ അവസാനിപ്പിക്കാനോ, പ്രതിക്ക് ജാമ്യം നൽകാനോ മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ നിയമപരമായ അവകാശമില്ല” എന്ന് വിധിന്യായത്തിൽ വ്യക്തമാക്കി.
കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ (State) കടമയാണ്. ആ കടമയെ മറികടക്കാൻ മാതാപിതാക്കൾ തമ്മിലുണ്ടാക്കുന്ന സ്വകാര്യ ഒത്തുതീർപ്പുകൾക്ക് കഴിയില്ല.
മാതാപിതാക്കൾ കുട്ടിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന ഘട്ടങ്ങളിൽ, ‘പാരൻസ് പാട്രിയേ’ (Parens Patriae – പൗരന്മാരുടെയും കുട്ടികളുടെയും പരമോന്നത സംരക്ഷകൻ) എന്ന നിലയിൽ കോടതികൾക്ക് കുട്ടിക്ക് സംരക്ഷണം നൽകാൻ പൂർണ്ണമായ ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
നിയമ വിശകലനം: എന്തുകൊണ്ട് പോക്‌സോ കേസുകളിൽ ഒത്തുതീർപ്പ് സാധ്യമല്ല?
1. Non-compoundable Offences
പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളാണ് (Offences against Society). അതിനാൽ വ്യക്തികൾക്കോ മാതാപിതാക്കൾക്കോ ഇത് ഒത്തുതീർപ്പാക്കാൻ നിയമപരമായ അധികാരമില്ല.
2. ‘പാരൻസ് പാട്രിയേ’ തത്വം
മാതാപിതാക്കൾ കുട്ടിക്ക് എതിരെ നിൽക്കുകയോ, കേസ് ഒതുക്കിതീർക്കാൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ കോടതി കുട്ടിയുടെ നിയമപരമായ സംരക്ഷകനായി (Parens Patriae) മാറുന്നു.
3. ഭരണകൂടത്തിന്റെ ബാധ്യത
കുറ്റവാളികളെ വിചാരണ ചെയ്ത് ശിക്ഷിക്കുക എന്നത് ഭരണകൂടത്തിന്റെ കടമയാണ്. മാതാപിതാക്കളുടെ സമ്മതപത്രങ്ങൾക്ക് ഈ കടമയെ ഇല്ലാതാക്കാൻ കഴിയില്ല.