LAWYERS OF KERALA
NEETHI VAARTHA — DAILY LEGAL & NATIONAL NEWSPAPER
അസഭ്യവാക്കുകൾ പറയുന്നതും തെറിവിളിയും നിയമപരമായി ‘അശ്ലീലം’ ആകില്ല: സുപ്രീം കോടതി
മനസ്സിൽ വികാരവിക്ഷോഭമോ കാമവികാരമോ ഉണ്ടാക്കാത്ത അസഭ്യ വാക്കുകൾ അരോചകമാണെങ്കിലും IPC 294(b) പ്രകാരം കുറ്റകരമല്ല; 70-കാരന്റെ ശിക്ഷ റദ്ദാക്കി ഉയർന്ന കോടതി.
ചീത്തവിളിയും തെറിയഭിഷേകവും സംസ്കാരശൂന്യമെങ്കിലും അശ്ലീലതയുടെ പരിധിയിൽ വരില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കരോൾ
ന്യൂഡൽഹി: വായനക്കാരനിലോ കേൾവിക്കാരനിലോ ലൈംഗിക വികാരങ്ങൾ ഉണർത്താത്തതോ അത്തരം ചിന്തകളിലേക്ക് നയിക്കാത്തതോ ആയ വെറും അസഭ്യവാക്കുകളോ തെറിവിളികളോ (Swear words and Vulgarity) നിയമപരമായ അർത്ഥത്തിൽ ‘അശ്ലീലത’ (Obscenity) ആയി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തിമാക്കി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (IPC) 294(b) വകുപ്പ് പ്രകാരമുള്ള അശ്ലീല കുറ്റത്തിന് വശീകരണ സ്വഭാവമോ, കാമവികാരങ്ങളെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളോ ഉണ്ടായിരിക്കണം. കേവലം ദേഷ്യത്തിലോ വഴക്കിനിടെയോ ഉപയോഗിക്കുന്ന മോശം പദങ്ങൾ കേൾവിക്കാരനിൽ അറപ്പോ വെറുപ്പോ ഉണ്ടാക്കിയേക്കാമെങ്കിലും അത് അശ്ലീല കുറ്റമായി ശിക്ഷിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചു.
സംഭവത്തിന്റെ പശ്ചാത്തലം
തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിൽ 2017 ഓഗസ്റ്റ് 24-നാണ് കേസനാസ്പദമായ സംഭവം നടന്നത്. പ്രതിയായ മണി എന്ന സുബ്രഹ്മണ്യവും (70) പരാതിക്കാരന്റെ കുടുംബവും തമ്മിൽ വസ്തു തർക്കം നിലനിന്നിരുന്നു. തർക്കത്തിനിടെ പരാതിക്കാരനായ മഹാലിംഗം (PW-1) ഇടപെട്ടപ്പോൾ പ്രതി ക്രൂരമായ തെറിവിളികൾ നടത്തുകയും വീട്ടിൽ നിന്ന് വാക്കത്തി (Billhook) എടുത്തുകൊണ്ടുവന്ന് ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തിൽ പരാതിക്കാരന്റെ മൂക്കിന്റെ എല്ലിന് പൊട്ടലേൽക്കുകയും (Nasal bone fracture) തലയ്ക്കും വിരലുകൾക്കും പരിക്കേൽക്കുകയും ചെയ്തു. വിചാരണക്കോടതി പ്രതിക്ക് 5 വർഷം തടവ് വിധിച്ചിരുന്നു. എന്നാൽ മദ്രാസ് ഹൈക്കോടതി ഇത് കുറച്ചെങ്കിലും 294(b) (അശ്ലീലം), 326 (ഗുരുതര പരിക്ക്), 506(ii) (ക്രിമിനൽ ഭീഷണി) എന്നീ വകുപ്പുകൾ ശരിവെക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.
കോടതിയുടെ പ്രധാന നിരീക്ഷണം: അസഭ്യവും അശ്ലീലവും തമ്മിലുള്ള വ്യത്യാസം
“നിയമപരമായി ‘അശ്ലീലത’ എന്നത് വെറും വൾഗാരിറ്റിയോ (Vulgarity) അസഭ്യമോ തെറിവിളിയോ അല്ല. അസഭ്യവാക്കുകൾ കേൾക്കുന്നവരിൽ അറപ്പോ വെറുപ്പോ ദേഷ്യമോ സൃഷ്ടിച്ചേക്കാം, എന്നാൽ അത് മറ്റുള്ളവരുടെ മനസ്സിൽ ലൈംഗിക വികാരങ്ങളോ കാമചിന്തകളോ ഉണർത്തുന്നില്ലെങ്കിൽ IPC 294(b) പ്രകാരമുള്ള അശ്ലീല കുറ്റം നിലനിൽക്കില്ല.”
മറ്റ് വകുപ്പുകളിലെ സുപ്രീം കോടതി വിധി
1. ഭീഷണിപ്പെടുത്തൽ കുറ്റം റദ്ദാക്കി (IPC 506 II): വഴക്കിനിടയിൽ ‘നിന്നെ ഞാൻ വെട്ടിക്കൊല്ലും’ എന്ന് വെറുതെ പറയുന്നത് കൊണ്ട് മാത്രം ക്രിമിനൽ ഭീഷണി നിലനിൽക്കില്ല. പരാതിക്കാരനിൽ യഥാർത്ഥത്തിൽ അങ്കലാപ്പോ ഭയമോ ഉണ്ടാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് തെളിയിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
2. 326-ാം വകുപ്പ് ശരിവെച്ചു: എന്നാൽ വാക്കത്തി കൊണ്ട് ആക്രമിച്ചതും മൂക്കിന്റെ എല്ല് തകർത്തതും (Nasal bone fracture) ഐ.പി.സി 320 പ്രകാരം ‘ഗുരുതര പരിക്ക്’ (Grievous Hurt) തന്നെയാണ്. അതിനാൽ 326-ാം വകുപ്പ് പ്രകാരമുള്ള കുറ്റം ശരിവെച്ചു.
3. ശിക്ഷയിൽ വൻ ഇളവ്: പ്രതിയുടെ 70 വയസ്സ് പ്രായം, ആരോഗ്യസ്ഥിതി, കുടുംബങ്ങൾ തമ്മിലുള്ള വസ്തു തർക്കമാണ് സംഭവത്തിന് കാരണം എന്നീ വസ്തുതകൾ കണക്കിലെടുത്ത് തടവുശിക്ഷ “കോടതി പിരിയും വരെ” (Till the rising of the Court) ആയി ഇളവ് ചെയ്തു. പരാതിക്കാരന് നൽകാനായി 50,000 രൂപ പിഴയൊടുക്കാനും കോടതി നിർദ്ദേശിച്ചു.