നിയമ വാർത്ത
നീതി ന്യായ രംഗത്തെ സമഗ്ര വാര്ത്തകളും വിശകലനങ്ങളും ഔദ്യോഗിക അറിയിപ്പുകളും
ഒ.ബി.സി വിഭാഗത്തിലെ യുവ അഭിഭാഷകർക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു; പ്രതിവർഷം ₹12,000 ഗ്രാന്റ്
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിൽ 3 വർഷത്തേക്ക് ആകെ 36,000 രൂപ സഹായം ലഭിക്കും • അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31
അഭിഭാഷക ധനസഹായ പദ്ധതി 2026-27 (ADVOCATE GRANT)
- ✓ വിഭാഗം: OBC (പിന്നാക്ക സമുദായങ്ങൾ)
- ✓ ധനസഹായം: ₹ 36,000 (₹ 12,000 x 3 വർഷം)
- ✓ കുടുംബ വാർഷിക വരുമാന പരിധി: ₹ 1,00,000/- (ഒരു ലക്ഷം)
- ✓ എൻറോൾമെന്റ് കാലയളവ്: 01.07.2024 – 31.07.2026
കേരള ഒബിസി അഭിഭാഷക ഗ്രാന്റ് പദ്ധതി 2026-27 മാർഗ്ഗരേഖകൾ | Advocate Financial Assistance
ധനസഹായ പദ്ധതിയുടെ യോഗ്യതകൾ, നിബന്ധനകൾ, ആവശ്യമായ അസൽ രേഖകൾ, ഓൺലൈനായി അപേക്ഷിക്കേണ്ട വിധം എന്നിവയുടെ വിശദമായ വീഡിയോ രൂപം മുകളിൽ കാണാം.
പിന്നാക്ക വിഭാഗ വികസന വകുപ്പ് വിജ്ഞാപനം (പൂർണ്ണ രൂപം)
തിരുവനന്തപുരം: നീതിന്യായ രംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന ‘അഭിഭാഷക ധനസഹായ പദ്ധതി 2026-27’ ലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. യോഗ്യരായ യുവ അഭിഭാഷകർക്ക് പ്രതിവർഷം 12,000/- രൂപ വീതം പരമാവധി മൂന്ന് വർഷത്തേക്ക് ആകെ 36,000/- രൂപ ധനസഹായം ലഭിക്കും.
സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളുടെ (OBC) പട്ടികയിൽ ഉൾപ്പെട്ട നിയമ ബിരുദധാരികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. അപേക്ഷകർ നിർബന്ധമായും കേരളീയനായിരിക്കണം. കുടുംബത്തിന്റെ വാർഷിക വരുമാനം 1,00,000/- (ഒരു ലക്ഷം) രൂപയിൽ കവിയരുത്.
നിർണ്ണായക എൻറോൾമെന്റ് മാനദണ്ഡം:
2024 ജൂലൈ 1 നും 2026 ജൂലൈ 31 നും ഇടയിൽ കേരള ബാർ കൗൺസിലിൽ എൻറോൾ ചെയ്ത് സംസ്ഥാനത്തിനകത്ത് തന്നെ സജീവമായി പ്രാക്ടീസ് ചെയ്യുന്നവർക്കായിരിക്കും ആനുകൂല്യം ലഭിക്കുക. അപേക്ഷകൾ www.bwin.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കണം.
ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും
ഓൺലൈൻ അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകളുടെ വ്യക്തമായ പകർപ്പുകൾ അപ്ലോഡ് ചെയ്യേണ്ടതാണ്:
- ജാതി സർട്ടിഫിക്കറ്റ്: ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നുള്ള സർട്ടിഫിക്കറ്റ്.
- വരുമാന സർട്ടിഫിക്കറ്റ്: ബന്ധപ്പെട്ട റവന്യൂ അധികാരിയിൽ നിന്ന് ഇ-ഡിസ്ട്രിക്റ്റ് (e-District) മുഖേന ഒരു വർഷത്തിനുള്ളിൽ ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിന്റെ നമ്പറും സെക്യൂരിറ്റി കോഡും.
- എൻറോൾമെന്റ് സർട്ടിഫിക്കറ്റ്: കേരള ബാർ കൗൺസിൽ നൽകിയ എൻറോൾമെന്റ് രേഖ.
- സീനിയർ അഭിഭാഷകന്റെ സാക്ഷ്യപത്രം: നിർശ്ശിത മാതൃകയിലുള്ള സാക്ഷ്യപത്രം (ഓൺലൈനിൽ ലഭ്യമായ ഫോർമാറ്റിൽ).
- വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ: ഹയർ സെക്കണ്ടറി മുതലുള്ള യോഗ്യതാ സർട്ടിഫിക്കറ്റുകൾ.
- ബാങ്ക് പാസ് ബുക്ക് പകർപ്പ്: അപേക്ഷകന്റെ/അപേക്ഷകയുടെ പേരിലുള്ള ലൈവ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (ആധാർ കാർഡും അപ്ലോഡ് ചെയ്യണം).
ശ്രദ്ധിക്കുക: അപേക്ഷാ ഫാറത്തിന്റെ പ്രിന്റ് ഔട്ടോ അനുബന്ധ രേഖകളോ പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് നേരിട്ടോ തപാലിലോ അയക്കേണ്ടതില്ല. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 31 രാത്രി 12 മണി വരെയാണ്.
മുൻവർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരുടെ റിന്യൂവൽ അപേക്ഷകൾ സമർപ്പിക്കേണ്ട വിധം
ഇതേ പദ്ധതി പ്രകാരം മുൻവർഷങ്ങളിൽ ധനസഹായം ലഭിച്ച രണ്ടാം ഗഡു, മൂന്നാം ഗഡു ലഭിക്കേണ്ട ഗുണഭോക്താക്കൾ വിനിയോഗ സാക്ഷ്യപത്രം, തുക ചെലവഴിച്ച ഒറിജിനൽ രസീതുകൾ, സീനിയർ അഭിഭാഷകനിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം മാനുവലായി റിന്യൂവൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കുറഞ്ഞ വരുമാനക്കാർക്ക് മുൻഗണന: വാർഷിക ഗുണഭോക്താക്കളുടെ എണ്ണം 100 ആയി പരിമിതപ്പെടുത്തി
അപേക്ഷിക്കുന്ന എല്ലാവർക്കും ആനുകൂല്യം ലഭ്യമാകണമെന്നില്ല. അപേക്ഷകരുടെ എണ്ണം കൂടുതലാകുന്ന പക്ഷം കുറഞ്ഞ വരുമാനമുള്ളവർക്ക് മുൻഗണന നൽകി ഒരു വർഷം പരമാവധി 100 പേരെ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവർ ₹200 രൂപ വിലയുള്ള മുദ്രപത്രത്തിൽ കരാർ ഒപ്പുവെക്കണം.
യുവ അഭിഭാഷകരുടെ തുടക്കകാല സാമ്പത്തിക സുരക്ഷിതത്വം: പുതിയ പദ്ധതികളുടെ പ്രസക്തി
നിയമ ബിരുദം നേടി ബാർ കൗൺസിലിൽ എൻറോൾ ചെയ്തു വരുന്ന ഒരു തുടക്കക്കാരന് കോർട്ടൂകളിൽ സ്വന്തമായി ഇടംകണ്ടെത്താൻ ചുരുങ്ങിയത് രണ്ടോ മൂന്നോ വർഷത്തെ കഠിനാധ്വാനം ആവശ്യമാണ്. ഈ കാലയളവിലെ സാമ്പത്തിക വെല്ലുവിളികൾ കാരണം കഴിവുള്ള പല യുവ അഭിഭാഷകരും രംഗം വിട്ടുപോകുന്ന സാഹചര്യം നിലനിൽക്കുന്നു. സർക്കാർ ആവിഷ്കരിച്ച വക്കീൽ ധനസഹായ പദ്ധതികൾ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള പുതിയ അഭിഭാഷകർക്ക് വലിയൊരളവോളം ആശ്വാസകരമാണ്.
യോജ്യത സ്വയം പരിശോധിക്കുക (Eligibility Check)
അഭിഭാഷക ധനസഹായ പദ്ധതി 2026-27