നിയമവാർത്ത
“സത്യമേവ ജയതേ – നീതിപൂർവ്വമായ വിധിപ്രസ്താവങ്ങൾ ജനങ്ങളിലേക്ക്”
പുനർവികസന കരാറുകളിൽ നിന്ന് നിർമ്മാതാക്കൾക്ക് (Developers) ഇനി പിന്മാറാനാവില്ല: സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി
സ്ഥിരം ബദൽ പാർപ്പിട കരാറുകൾ (PAAA) വെറും സ്വകാര്യ ഇടപാടല്ല; പഴയ കെട്ടിടത്തിലെ ‘താമസക്കാരെ’ (Occupants) തെരുവിലേക്ക് തള്ളാനാകില്ലെന്ന് പരമോന്നത കോടതി.
പഴയ കെട്ടിടങ്ങളുടെ പുനർവികസന പദ്ധതികളിൽ (Redevelopment Projects) താമസക്കാർക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്നും ഒപ്പുവെച്ച സ്ഥിരം ബദൽ പാർപ്പിട കരാറുകളിൽ നിന്നും (Permanent Alternate Accommodation Agreement – PAAA) ഭൂവുടമകൾക്കോ ഡെവലപ്പർമാർക്കോ ഏകപക്ഷീയമായി പിന്നോട്ടുപോകാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചു.
മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്‌മെന്റ് ആക്ട് (MHAD Act) പ്രകാരമുള്ള പുനർവികസന പദ്ധതികളിലെ തർക്കങ്ങൾ കേവലം സ്വകാര്യ കരാർ തർക്കങ്ങളല്ലെന്നും, നിയമപരമായ സംരക്ഷണം അർഹിക്കുന്ന വിഷയം ആണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് ജെ. ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് മുംബൈ ബോംബെ ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിൽ ഈ സുപ്രധാന വിധി പ്രസ്താവിച്ചത് (മഹാബാനു കോൺട്രാക്ടർ വേഴ്സസ് കാളികുണ്ഡ് ഡെവലപ്പേഴ്സ് – Civil Appeal No.9342 of 2026).
കോടതിയുടെ പ്രധാന ഉത്തരവുകൾ ഒറ്റനോട്ടത്തിൽ:
- ഹർജിക്കാരായ മഹാബാനു കോൺട്രാക്ടർക്കും കുടുംബത്തിനും രണ്ട് മാസത്തിനകം പുനർനിർമ്മിച്ച മന്ദിരത്തിലെ 3336.50 ചതുരശ്ര അടി വിസ്തീർണ്ണമുള്ള 3 ഫ്ലാറ്റുകളുടെ കൈവശാവകാശം കൈമാറണം.
- കാലതാമസം വരുത്തിയാൽ പ്രസ്തുത പ്രദേശത്തെ അന്നത്തെ വിപണി നിരക്കിലുള്ള പ്രതിമാസ വാടക നഷ്ടപരിഹാരമായി നൽകണം.
- ഹർജിക്കാർക്കെതിരെ ഡെവലപ്പർ ഫയൽ ചെയ്ത സിവിൽ കേസ് (CS No. 4579 of 2026) ദുരുദ്ദേശപരമാണെന്ന് കണ്ട്, നടപടികളുമായി മുന്നോട്ടുപോകരുതെന്ന് ബോംബെ ഹൈക്കോടതിയോട് നിർദ്ദേശിച്ചു.
- അപ്പീൽ അനുവദിച്ചുകൊണ്ട് ഒന്നാം എതിർകക്ഷിയായ ഡെവലപ്പർ ഹർജിക്കാർക്ക് ₹ 1,00,000/- (ഒരു ലക്ഷം രൂപ) ചെലവ് (Cost) നൽകണം.
കേസിന്റെ പശ്ചാത്തലവും ഹൈക്കോടതിയുടെ വീഴ്ചയും
മുംബൈ ഗ്രാന്റ് റോഡിലെ ആറാം നമ്പർ റൂമിലെ പഴയ താമസക്കാരിയായിരുന്ന ശ്രീമതി ഗുൽ പേശോത്തൻ ഉൻവാലയോടൊപ്പം സംയുക്ത താമസക്കാരിയായിരുന്നു ഹർജിക്കാരിയായ മഹാബാനു കോൺട്രാക്ടർ. 2010-ൽ ഡെവലപ്പർ പുറപ്പെടുവിച്ച പബ്ലിക് നോട്ടീസിലും മുംബൈ റിപ്പയർ ബോർഡ് (MBRR Board) സാക്ഷ്യപ്പെടുത്തിയ പട്ടികയിലും ഒന്നാം ഹർജിക്കാരിയുടെ പേര് ‘താമസ്സക്കാരി’ (Occupant) ആയി രേഖപ്പെടുത്തിയിരുന്നു.
എന്നാൽ കെട്ടിടം പൊളിച്ചു പണിതതിന് ശേഷം, കൈവശാവകാശം കൈമാറാൻ ഡെവലപ്പർ വിസമ്മതിച്ചു. തുടര്‍ന്ന് MHADA അധികൃതർ ഡെവലപ്പർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഇതിനെതിരെ ഡെവലപ്പർ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വികസനപ്രവർത്തകർക്ക് അനുകൂലമായി നിലപാടെടുക്കുകയും PAAA ഒരു സ്വകാര്യ കരാറാണെന്നും സിവിൽ കോടതിയെ സമീപിക്കാനും ഉത്തരവിട്ടു. ഈ നിലപാടിനെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചു.
“വാടകക്കാരൻ അല്ലെങ്കിലും നിർവ്വചനപ്രകാരം താമസക്കാരനായ (Occupant) വ്യക്തിക്ക് നിയമപരമായ സംരക്ഷണമുണ്ട്. കെട്ടിടം പൊളിക്കാൻ അനുമതി വാങ്ങി സ്ഥലം കൈവശപ്പെടുത്തിയ ശേഷം വാഗ്ദാനങ്ങളിൽ നിന്ന് ഭൂവുടമയ്ക്ക് പിന്മാറാനാവില്ല.”
– സുപ്രീം കോടതി വിധിന്യായത്തിൽ നിന്ന്
MHAD ആക്ട് സെക്ഷൻ 2(25) നിർവ്വചനം
MHAD നിയമത്തിൽ ‘ഓക്യുപയർ’ (Occupier) എന്നാൽ കേവലം വാടക നൽകുന്നയാൾ മാത്രമല്ലെന്നും, കെട്ടിടം ഉപയോഗിക്കുന്നതിനോ താമസിക്കുന്നതിനോ അവകാശമുള്ള ഏതൊരാളും അതിൽ ഉൾപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി. മുൻ വാടകക്കാരിയുടെ മരണശേഷം പ്രോബേറ്റ് നടപടികൾ പൂർത്തിയായിട്ടില്ലെന്ന ഡെവലപ്പറുടെ വാദം കോടതി തള്ളി. ആദ്യ ഘട്ടം മുതൽ തന്നെ ഔദ്യോഗിക രേഖകളിൽ ഹർജിക്കാരിയുടെ പേര് താമസക്കാരിയായി ഉൾപ്പെട്ടിരുന്നതിനാൽ അവർക്ക് പുതിയ കെട്ടിടത്തിൽ അർഹമായ വിസ്തീർണ്ണം ലഭിക്കാൻ പൂർണ്ണ അവകാശമുണ്ടെന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എഴുതിയ വിധിന്യായത്തിൽ വ്യക്തമാക്കി.
സംക്ഷിപ്ത സുപ്രീം കോടതി വാർത്തകൾ
ഫ്ളോർ സ്പേസ് ഇൻഡക്സ് (FSI) വിനിയോഗം
ബിൽഡർമാർ ഫംഗിബിൾ എഫ്.എസ്.ഐ പൂർണ്ണമായി ഉപയോഗിച്ചില്ലെങ്കിലും താമസക്കാരുമായുള്ള കരാറിലെ വാഗ്ദാനം ലംഘിക്കാൻ അത് കാരണമായി ചൂണ്ടിക്കാണിക്കാനാവില്ല.
അപക്വമായ സിവിൽ കേസുകൾ
ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമായി സിവിൽ കേസ് നൽകുന്നത് ദുരുദ്ദേശപരമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
MHADA ഒക്യുപേഷൻ സർട്ടിഫിക്കറ്റ്
പഴയ താമസക്കാർക്കെല്ലാം പുതിയ മന്ദിരത്തിൽ ഫ്ലാറ്റുകൾ കൈമാറിയ ശേഷം മാത്രമേ ഡെവലപ്പർക്ക് ഒക്യുപേഷൻ സർട്ടിഫിക്കറ്റിന് അർഹതയുണ്ടാവുകയുള്ളൂ.