ന്യൂഡൽഹി: 1996-ൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് വാട്ടർ ബോട്ടിലിൽ ഒളിപ്പിച്ച നിലയിൽ 100 ഗ്രാം ലഹരിമരുന്ന് (സ്മാക്ക്) കണ്ടെടുത്ത കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി മെഹബൂബ് ഷായുടെ തടവുശിക്ഷ സുപ്രീം കോടതി 14 വർഷത്തിൽ നിന്നും നിയമപ്രകാരമുള്ള കുറഞ്ഞ ശിക്ഷയായ 10 വർഷമായി കുറച്ചു. ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് എൻ. കോട്ടീശ്വർ സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്. 14 വർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമായിരുന്നു വിചാരണക്കോടതി വിധിച്ചിരുന്നത്. ഇത് മധ്യപ്രദേശ് ഹൈക്കോടതിയും ശരിവെച്ചിരുന്നു.

കേസിലെ സ്വതന്ത്ര സാക്ഷികൾ മൊഴി മാറ്റിപ്പറഞ്ഞുവെന്നും, സാമ്പിളുകൾ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലല്ല ശേഖരിച്ചതെന്നും ചൂണ്ടിക്കാട്ടി പ്രതി നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ ശരിവെച്ചത്. എന്നാൽ, കുറ്റകൃത്യത്തിന്റെ സ്വഭാവവും മുൻകാല ചരിത്രവും പരിഗണിച്ച് തടവുശിക്ഷ കുറച്ചു നൽകാൻ കോടതി തയ്യാറാവുകയായിരുന്നു.

സംഭവത്തിന്റെ പശ്ചാത്തലം:

1996 ജൂൺ 23-ന് മധ്യപ്രദേശിലെ ഷാംഗഡ് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നാണ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഇന്ദ്രഭാൻ സിംഗ് പരിഹാറിന് (PW-9) ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയായ മെഹബൂബ് ഷായെ കസ്റ്റഡിയിലെടുക്കുന്നത്. ദൽഹിയിലേക്ക് പോകുകയായിരുന്ന ‘ഫ്രോണ്ടിയർ മെയിൽ’ ട്രെയിൻ കയറാൻ നിൽക്കുകയായിരുന്ന പ്രതിയുടെ പക്കലുണ്ടായിരുന്ന വാട്ടർ ബോട്ടിലിൽ നിന്നാണ് 100 ഗ്രാം സ്മാക്ക് കണ്ടെടുത്തത്.

സ്ഥലത്തുവെച്ചുതന്നെ ഉദ്യോഗസ്ഥൻ 5 ഗ്രാം വീതമുള്ള രണ്ട് സാമ്പിളുകൾ ശേഖരിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ഗാരോത്ത് അഡീഷണൽ സെഷൻസ് കോടതി (ട്രയൽ കോർട്ട്) 1997 ഏപ്രിൽ 7-ന് പ്രതിക്ക് എൻ.ഡി.പി.എസ് ആക്ടിലെ 8, 21 വകുപ്പുകൾ പ്രകാരം 14 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും വിധിച്ചു. 2011 സെപ്റ്റംബർ 29-ന് മധ്യപ്രദേശ് ഹൈക്കോടതി ഇൻഡോർ ബെഞ്ചും ഈ വിധി ശരിവെച്ചു.

വിധിയിലെ 3 പ്രധാന നിയമതത്വങ്ങൾ:
  • ഉദ്യോഗസ്ഥ സാക്ഷികളുടെ വിശ്വസനീയത: സ്വതന്ത്ര സാക്ഷികൾ (Inpedendent Witnesses) കൂറുമാറിയാലും പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി കൃത്യവും വിശ്വസനീയവുമാണെങ്കിൽ അത് ശിക്ഷയ്ക്ക് ആധാരമാക്കാം.
  • വകുപ്പ് 50 (Section 50) ബാധകത: കൈവശമുള്ള സഞ്ചി, വാട്ടർ ബോട്ടിൽ തുടങ്ങിയ വസ്തുക്കൾ പരിശോധിക്കുമ്പോൾ ‘പേഴ്സണൽ സെർച്ച്’ എന്ന സെക്ഷൻ 50 നിയമം ബാധകമല്ല.
  • വകുപ്പ് 52A (Section 52A) നടപടിക്രമം: സാമ്പിളുകൾ എടുക്കുന്നതിൽ വരുന്ന പ്രൊസീജറൽ തടസ്സങ്ങളോ കാലതാമസമോ വിചാരണയെ നേരിട്ട് റദ്ദാക്കാനുള്ള കാരണമാകില്ല.

കോടതിയുടെ പ്രധാന കണ്ടെത്തലുകൾ:

പ്രതിഭാഗം ഉന്നയിച്ച പ്രധാന വാദങ്ങളെ സുപ്രീം കോടതി വരിവരിയായി തള്ളിക്കളഞ്ഞു:

  1. സ്വതന്ത്ര സാക്ഷികളുടെ കൂറുമാറ്റം: മഹസ്സർ സാക്ഷികളായ ശാന്തിലാൽ (PW-1), ബാബുലാൽ (PW-2) എന്നിവർ കൂറുമാറിയത് കേസിനെ ബാധിക്കില്ല. പോലീസ് ഉദ്യോഗസ്ഥരായ PW-3, PW-6, PW-9, PW-10 എന്നിവരുടെ മൊഴികൾ വിശ്വസനീയവും കൃത്യവുമാണ്.
  2. വകുപ്പ് 50 നിയമ സംരക്ഷണം: പ്രതിയുടെ ശരീരപരിശോധനയിലല്ല, മറിച്ച് തോളിൽ തൂക്കിയിട്ടിരുന്ന വാട്ടർ ബോട്ടിലിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്. അതിനാൽ സ്റ്റേറ്റ് ഓഫ് ഹിമാചൽ പ്രദേശ് വ വേഴ്സസ് പവൻ കുമാർ കേസിലെ വിധി പ്രകാരം സെക്ഷൻ 50 നേരിട്ട് ബാധകമല്ല. എങ്കിലും പ്രതിക്ക് ഗസറ്റഡ് ഓഫീസറുടെയോ മജിസ്ട്രേറ്റിന്റെയോ മുന്നിൽ പരിശോധിക്കാനുള്ള ഓപ്ഷൻ എക്സിബിറ്റ് P-1 വഴി നൽകിയിരുന്നു.
  3. മജിസ്ട്രേറ്റിന്റെ സാന്നിധ്യമില്ലാതെ സാമ്പിൾ ശേഖരണം (സെക്ഷൻ 52A): എൻ.സി.ബി വ വേഴ്സസ് കാശിഫ് (2024) കേസ് ഉദ്ധരിച്ച്, സാമ്പിൾ മജിസ്ട്രേറ്റിന് മുന്നിൽ വെച്ചല്ല എടുത്തതെന്ന വൈകല്യം കേസിന്റെ കാതലിനെ ബാധിക്കില്ലെന്നും അത് നടപടിക്രമങ്ങളിലെ ഒരപാകം (Procedural irregularity) മാത്രമാണെന്നും കോടതി വ്യക്തമാക്കി.