LAWYERS OF KERALA
“സത്യമേവ ജയതേ – നിയമവും നീതിയും ഏവർക്കും സമമായി”
ഭർത്താവ് മുഴുവൻ പണവും നൽകി വാങ്ങിയാലും സംയുക്ത ആധാരമെങ്കിൽ ഭാര്യയ്ക്കും പകുതി അവകാശം: ഹൈക്കോടതി
മൂവാറ്റുപുഴ ഫാമിലി കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ദാമ്പത്യബന്ധത്തിൽ പിന്നീട് വിള്ളൽ വീണാലും വാങ്ങിയ സമയത്ത് നൽകിയ ഉടമസ്ഥതാ അവകാശം റദ്ദാക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചു.
കുടുംബകോടതി വിധി നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി
കൊച്ചി: വസ്തു വാങ്ങാനാവശ്യമായ മുഴുവൻ തുകയും ചെലവഴിച്ചത് ഭർത്താവാണെന്ന ഒറ്റ കാരണം കൊണ്ട്, ഭാര്യയുടെ പേരിൽക്കൂടി രജിസ്റ്റർ ചെയ്ത സംയുക്ത ആധാരത്തിലെ ഭാര്യയുടെ അവകാശം ഇല്ലാതാകില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. മൂവാറ്റുപുഴ ഫാമിലി കോടതി ഭർത്താവിന് അനുകൂലമായി നൽകിയ വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പ്രീത എ.കെ. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധിന്യായം.
ഭർത്താവ് മുഴുവൻ തുകയും നൽകിയതാണെങ്കിലും, ഭാര്യയുടെ പേരു കൂടി ആധാരത്തിൽ ഉൾപ്പെടുത്തിയതിലൂടെ വസ്തുവിന്റെ പകുതി പങ്കിന് ഭാര്യ പൂർണ്ണ ഉടമസ്ഥയാണെന്ന പ്രഥമദൃഷ്ട്യാ അനുമാനം നിലനിൽക്കും. പിൽക്കാലത്ത് ദാമ്പത്യബന്ധത്തിലുണ്ടായ തകർച്ചയോ അകൽച്ചയോ ചൂണ്ടിക്കാട്ടി ഈ ഉടമസ്ഥാവകാശം തിരിച്ചുപിടിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി പ്രഖ്യാപിച്ചു.
“ഭാര്യയെ വസ്തുവിന്റെ സഹ-ഉടമയാക്കിയത് ദാമ്പത്യ ജീവിതത്തിലെ അവളുടെ സംഭാവനകളെ മാനിച്ചാകാം. പിന്നീട് ബന്ധത്തിൽ വിള്ളലുണ്ടായി എന്നതുകൊണ്ട് മാത്രം, വസ്തു വാങ്ങിയ സമയത്തുണ്ടായിരുന്ന ഉദ്ദേശ്യം ഇല്ലാതാകുന്നില്ല.” – ഹൈക്കോടതി വിധിന്യായത്തിൽ നിന്ന്
കേസിന്റെ പശ്ചാത്തലം
2018 ജനവരിയിലാണ് കേസിനാസ്പദമായ സംഭവം. കോതമംഗലം താലൂക്കിലെ പള്ളരിമംഗലം വില്ലേജിൽപ്പെട്ട 2.02 ആർ വസ്തുവും അതിലെ കെട്ടിടവും 13,25,000 രൂപയ്ക്ക് വാങ്ങുകയായിരുന്നു. വിദേശത്ത് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഭർത്താവ് ഷാനവാസ്, തന്റെ പിതാവിൽ നിന്ന് ലഭിച്ച പണവും സ്വന്തം സമ്പാദ്യവും ഉപയോഗിച്ചാണ് വസ്തു വാങ്ങിയതെന്നും ഭാര്യ ഷെരീഫ തുകയൊന്നും നൽകിയിരുന്നില്ലെന്നും വാദിച്ചു.
തടസ്സമില്ലാതെ കാര്യങ്ങൾ നടക്കാൻ ഭാര്യയെ ‘ട്രസ്റ്റി’ എന്ന നിലയിൽ മാത്രമാണ് ആധാരത്തിൽ ഉൾപ്പെടുത്തിയതെന്നും, പിന്നീട് ഭാര്യയുമായി അകന്നതോടെ വസ്തു മുഴുവനായി തന്റെ പേരിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചുവെന്നുമായിരുന്നു ഭർത്താവിന്റെ വാദം. തുടർന്ന് വസ്തുവിന്റെ absolute title ആവശ്യപ്പെട്ട് ഭർത്താവ് മൂവാറ്റുപുഴ ഫാമിലി കോടതിയെ സമീപിക്കുകയായിരുന്നു.
ഫാമിലി കോടതിയും ഭാര്യയുടെ അപ്പീലും
പണം മുഴുവൻ നൽകിയത് ഭർത്താവാണെന്ന് കണ്ട് മൂവാറ്റുപുഴ ഫാമിലി കോടതി ഭർത്താവിനെ വസ്തുവിന്റെ പൂർണ്ണ ഉടമയായി പ്രഖ്യാപിക്കുകയും ഭാര്യയോട് വസ്തു ഒഴിയാൻ ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെയാണ് ഭാര്യ ഷെരീഫ ഹൈക്കോടതിയെ സമീപിച്ചത്.
വിവാഹസമയത്ത് ലഭിച്ച സ്വർണ്ണാഭരണങ്ങളും പണവും വിറ്റാണ് വസ്തു വാങ്ങിയതെന്നും തനിക്കും വസ്തുവിൽ സാമ്പത്തിക പങ്കാളിത്തമുണ്ടെന്നും ഭാര്യ വാദിച്ചു. എങ്കിലും സാമ്പത്തിക പങ്കാളിത്തം പൂർണ്ണമായി തെളിയിക്കാൻ സാധിച്ചില്ല. എന്നാൽ പണം ആരു നൽകി എന്നതിനേക്കാൾ, സംയുക്ത ആധാരം നിർമ്മിച്ചതിലൂടെ കൈമാറ്റം ചെയ്യപ്പെട്ട നിയമപരമായ അവകാശമാണ് പ്രധാനം എന്ന് ഹൈക്കോടതി വിലയിരുത്തി.