ന്യൂഡൽഹി / കൊച്ചി (നിയമ വാർത്ത പ്രതിനിധി) പ്രസിദ്ധീകരിച്ചത്: ഓഗസ്റ്റ് 09, 2026

ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിൽ വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങളും അനധികൃത നിർമ്മാണങ്ങളും തടയുന്നതിന്റെ ഭാഗമായി സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് റിയൽ എസ്റ്റേറ്റ് മേഖലയിലും സാധാരണക്കാരിലും വലിയ ആശങ്ക സൃഷ്ടിക്കുന്നു. ദേശീയപാതയുടെ മധ്യരേഖയിൽ (Mid-point) നിന്ന് 40 മീറ്റർ പരിധിയിൽ ഗാർഹിക ആവശ്യത്തിനുള്ള കെട്ടിടങ്ങളും (Residential) 75 മീറ്റർ പരിധിയിൽ വാണിജ്യ സ്ഥാപനങ്ങളും (Commercial) നിർമ്മിക്കുന്നത് വിലക്കിക്കൊണ്ട് എല്ലാ സംസ്ഥാന സർക്കാരുകളും 60 ദിവസത്തിനകം വിജ്ഞാപനം പുറപ്പെടുവിപ്പണമെന്ന് ഉയർന്ന നീതിപീഠം ഉത്തരവിട്ടു.

രാജസ്ഥാൻ (ഫലോദി), തെലങ്കാന (രംഗറെഡ്ഡി) എന്നിവിടങ്ങളിൽ തുടർച്ചയായി നടന്ന ദാരുണമായ ഹൈവേ അപകടങ്ങളിൽ 34 പേർ കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത സൂവോ മോട്ടോ ഹർജിയിലാണ് (Suo Moto Writ Petition No. 9 of 2025) ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് അതുൽ എസ്. ചന്തുർക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ചരിത്രപരമായ ഉത്തരവ്.

📌 സുപ്രീം കോടതിയുടെ പ്രധാന നിർദ്ദേശങ്ങൾ (2026 INSC 388):

  • ഭൂമി ഉപയോഗ മാറ്റ നിരോധനം: ദേശീയപാത മധ്യരേഖയിൽ നിന്ന് 40m (വീടുകൾ), 75m (വാണിജ്യ കെട്ടിടങ്ങൾ) അതിർത്തിക്കുള്ളിൽ ലാൻഡ് യൂസ് മാറ്റുന്നത് തടഞ്ഞ് വിജ്ഞാപനം ഇറക്കണം.
  • അനധികൃത പാർക്കിങ് നിരോധനം: ട്രക്കുകളും ഹെവി വാഹനങ്ങളും ഹൈവേയോരങ്ങളിൽ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചു. ഡിജിറ്റൽ ഇ-ചെല്ലാനും തത്സമയ ഡ്രോൺ പരിശോധനയും ഉണ്ടാകും.
  • കയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ: ദേശീയപാത അതിർത്തിയിലെ അനധികൃത ധാബകൾ, കടകൾ എന്നിവ 60 ദിവസത്തിനകം പൊളിച്ചുനീക്കണം.
  • അടിയന്തര സേവനങ്ങൾ: ഓരോ 75 കിലോമീറ്ററിലും ലൈഫ് സപ്പോർട്ട് ആംബുലൻസുകളും ക്രെയിനുകളും നിർബന്ധമാക്കി.
  • ടാസ്ക് ഫോഴ്സ് രൂപീകരണം: ജില്ലാ കളക്ടർ, എസ്.പി, എന്.എച്ച്.എ.ഐ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ ജില്ലാ ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴ്സ് 15 ദിവസത്തിനകം രൂപീകരിക്കണം.

കേരളത്തിന് എന്തുകൊണ്ട് കനത്ത ആഘാതം?
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന ജനസാന്ദ്രതയും പരിമിതമായ ഭൂവിസ്തൃതിയുമുള്ള കേരളത്തിൽ ഈ വിധി വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കേരളത്തിൽ ദേശീയപാതയോരത്തുള്ള ഭൂരിഭാഗം സ്ഥലങ്ങളിലും നിലവിൽ തന്നെ ജനവാസകേന്ദ്രങ്ങളും വ്യാപാരാസ്ഥാപനങ്ങളുമാണ് പ്രവർത്തിക്കുന്നത്. മധ്യരേഖയിൽ നിന്ന് 40 മീറ്ററും 75 മീറ്ററും മാറി മാത്രം നിർമ്മാണം അനുവദിച്ചാൽ, സംസ്ഥാനത്തെ ഭൂരിഭാഗം ഭൂമിയും വികസനരഹിത മേഖലയായി (No Development Zone) മാറും.

“കേരളത്തിലെ ദേശീയപാത വികസനം (NH 66) 45 മീറ്റർ വീതിയിലാണ് പൂർത്തിയാകുന്നത്. ഇതിന് പുറമെ 40 മീറ്ററും 75 മീറ്ററും മാറ്റിവെക്കാൻ പറഞ്ഞാൽ ചെറുകിട സ്ഥലമുടമകളുടെ ഭൂമി പൂർണ്ണമായും ഉപയോഗശൂന്യമാകും,” എന്ന് ഓൾ കേരള ബിൽഡേഴ്സ് അസോസിയേഷൻ വക്താവ് പ്രതികരിച്ചു.

ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാൻ നടപടി:
ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് സുരക്ഷിതമായ റോഡ് ഗതാഗതമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. രാജ്യത്തെ ആകെ റോഡുകളുടെ 2 ശതമാനം മാത്രം വരുന്ന ദേശീയപാതകളിലാണ് 30 ശതമാനത്തോളം വാഹനാപകട മരണങ്ങളും നടക്കുന്നത്. ഭരണഘടന നൽകുന്ന വിശേഷാധികാരമായ ആർട്ടിക്കിൾ 142 പ്രകാരമാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.